പറമ്പിക്കുളം ഡാമിലെ വെള്ളം പെരിങ്ങൽക്കുത്തിലേക്ക് ഒഴുക്കി വിടും; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ശ്രദ്ധിക്കുക

ഇവിടെ നിന്നും തുറന്നു വിട്ട 400 ഘനയടി വെള്ളമാണ് രണ്ട് മണിക്കൂറിനുള്ളിൽ പെരിങ്ങൽക്കുത്തിലേക്ക് എത്തുക.

തൃശ്ശൂർ: കനത്തമഴയെ തുടർന്ന് പറമ്പിക്കുളം ഡാമിൽ നിന്ന് ആളിയാറിലേക്ക് ജലം തുറന്നുവിടാൻ സാധിക്കാത്ത സാഹചര്യത്തിൽ പെരിങ്ങൽക്കുത്ത് ഡാമിലേക്ക് തുറന്നുവിടും. പറമ്പിക്കുളത്ത് നിന്നും ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലിൽ തടസം നേരിട്ടതിനെ തുടർന്നാണ് പെരിങ്ങൽകുത്തിലേക്ക് ജലമെത്തിക്കുന്നത്.

ഇവിടെ നിന്നും തുറന്നു വിട്ട 400 ഘനയടി വെള്ളമാണ് രണ്ട് മണിക്കൂറിനുള്ളിൽ പെരിങ്ങൽക്കുത്തിലേക്ക് എത്തുക. മൂന്നര മണിക്കൂറിനുള്ളിൽ ചാലക്കുടിയിലും വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഉച്ചതിരിഞ്ഞ് ചാലക്കുടി പുഴയിലെ ജലനിരപ്പ് അരയടി ഉയരും. ഷോളയാർ ഡാം തുറക്കാതെ ഇവിടെ വെള്ളപ്പൊക്കമുണ്ടാവുന്നത് ആദ്യമാണ്.

ഷോളയാറിൽ ഇപ്പോൾ സംഭരണ ശേഷിയുടെ 38 ശതമാനം വെള്ളമാണുള്ളത്. ചാലക്കുടി പുഴയുടെ തീരത്ത് ഇതുവരെ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. കഴിഞ്ഞവർഷത്തെ പ്രളയകാലത്ത് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായ പ്രദേശമാണ് ചാലക്കുടി തീരം.

Exit mobile version