കാൻസർ മരുന്നുകൾക്ക് ഉൾപ്പടെ നിയമപോരാട്ടം നടത്തി വിലകുറപ്പിച്ച മലയാളി ഡോ. ഷംനാദ് ബഷീർ കാറിനുള്ളിൽ മരിച്ചനിലയിൽ

2014-ൽ അദ്ദേഹത്തിനു മാനവികതയ്ക്കുള്ള ഇൻഫോസിസ് പ്രൈസ് ലഭിച്ചിരുന്നു.

ബംഗളൂരു: മലയാളിയും ബൗദ്ധിക സ്വത്തവകാശ നിയമമേഖലയിലെ വിദഗ്ധനുമായ കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് നിഹാദ് മൻസിലിൽ ഡോ. ഷംനാദ് ബഷീറിനെ (43) മരിച്ചനിലയിൽ കണ്ടെത്തി. കർണാടകയിലെ ചിക്കമംഗളൂരുവിൽ വെച്ച് കാറിനുള്ളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഹീറ്റർ ഓൺ ചെയ്തു കാറിൽ ഉറങ്ങുന്നതിനിടെ അത് പൊട്ടിത്തെറിച്ചുണ്ടായ പുകശ്വസിച്ച് അപകടമുണ്ടായെന്നാണ് സംശയം. മൂന്നുദിവസം മുൻപ് ബംഗളൂരു ഫ്രെയ്സർ ടൗണിലെ ഫ്ളാറ്റിൽനിന്ന് ചിക്കമഗളൂരുവിലെ തീർത്ഥാടന കേന്ദ്രമായ ബാബാ ബുധൻ ഗിരിയിലേക്കു പോയതായിരുന്നു. എംഎ ബഷീറിന്റെയും പരേതയായ സീനത്ത് ബീവിയുടെയും മകനാണ്.

രക്താർബുദം ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്കുള്ള മരുന്ന് ഇന്ത്യയിൽതന്നെ ഉത്പാദിപ്പിക്കാമെന്നും ഇതിന് ആഗോള പേറ്റന്റ് നിയമം ബാധകമല്ലെന്നും വാദിച്ചു ജയിച്ചാണ് ഡോ. ഷംനാദ് ജനങ്ങളുടെ പ്രിയങ്കരനായത്. ഇതോടെയാണ് കാൻസർ മരുന്ന് ചുരുങ്ങിയ ചെലവിൽ രാജ്യത്ത് ഉത്പാദിപ്പിക്കാൻ വഴി തുറന്നത്. ഇൻക്രീസിങ് ഡൈവേഴ്‌സിറ്റി ബൈ ഇൻക്രീസിങ് ആക്‌സസ് ടു ലീഗൽ എജ്യുക്കേഷന്റെ (ഐഡിഐഎ) സ്ഥാപകനാണ്.

ബംഗളൂരുവിലെ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദവും ഓക്‌സ്‌ഫെഡ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. 2014-ൽ അദ്ദേഹത്തിനു മാനവികതയ്ക്കുള്ള ഇൻഫോസിസ് പ്രൈസ് ലഭിച്ചിരുന്നു. ദരിദ്രരായ വിദ്യാർത്ഥികളുടെ നിയമപഠനത്തിനും അദ്ദേഹം ഒട്ടേറെ സഹായങ്ങൾ നൽകിയിരുന്നു.

Exit mobile version