കലിതുള്ളി മഴ: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, രക്ഷാപ്രവര്‍ത്തനത്തിന് എല്ലാം സജ്ജം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ പ്രളയസമാനമായ അവസ്ഥ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അപകട സ്ഥലത്ത് നിന്ന് ജനങ്ങള്‍ മാറിത്താമസിക്കണം. ഇതുവരെ 13,000 പേര്‍ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പുകളിലേക്ക് മാറുന്നതില്‍ വിമുഖത കാണിക്കരുത്. ജനങ്ങളുടെ ജീവനാണ് വലുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വ്യോമസേന ഹെലികോപ്റ്ററുകള്‍ അയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനം ശ്രമകരമാക്കുകയാണ്. സ്ഥലത്ത് എത്തിച്ചേരാനും പ്രയാസമുണ്ട്. എയര്‍ഫോഴ്‌സിന്റെ രാത്രി സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററുകള്‍ അയക്കാനാണ് ആവശ്യപ്പെട്ടത്. മഴ അല്‍പമൊന്ന് ശമിച്ചാല്‍ അവിടെ എത്തിച്ചേരാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ, എത്രയും പെട്ടെന്നു ദുരിതബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കാന്‍ മന്ത്രിമാര്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

Exit mobile version