മഴക്കെടുതി നേരിടാൻ ദുരന്തനിവാരണ സേനയെ അയയ്ക്കും; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; വടക്കൻ കേരളത്തിലും ഇടുക്കിയിലും നാശനഷ്ടങ്ങൾ

മലപ്പുറം, വയനാട്, കണ്ണൂർ, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതികളിൽ ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ദുരന്തനിവാരണസേനയെ വിളിക്കാനും നാശനഷ്ടങ്ങൾ കൂടുതലുണ്ടായ പ്രദേശങ്ങളിലേക്ക് അയയ്ക്കാനും സർക്കാർ തീരുമാനിച്ചു. മഴ തുടരുന്നതിനെ തുടർന്ന് ഇന്ന് മുഖ്യമന്ത്രി വിളിച്ച ചേർത്ത അടിയന്തരയോഗത്തിലാണ് തീരുമാനം.

ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റിനെ വിളിക്കാനാണ് തീരുമാനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, രണ്ട് ദിവസം കൂടി കനത്തമഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ. മഴ ശക്തമായതോടെ വടക്കൻ കേരളത്തിലും ഇടുക്കിയിലും നിരവധി പ്രദേശങ്ങളിൽ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂർ, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

നിലമ്പൂർ കരുളായി മുണ്ടാകടവ് കോളനിയിൽ ഉരുൾപൊട്ടിയെങ്കിലും ആളപായമില്ല. നിലമ്പൂർ ടൗണിലും പരിസരങ്ങളിലും രണ്ടാൾപ്പൊക്കത്തിലാണ് വെള്ളം കയറിയിരിക്കുന്നത്. ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. കണ്ണൂർ കൊട്ടിയൂരിലും ഉരുൾപൊട്ടൽ ഉണ്ടായി. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വെള്ളം കയറി. ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. ഇരിട്ടി നഗരം വെള്ളത്തിനടിയിലായി. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ ഇരിക്കൂർ, നിടുവള്ളൂർ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.

കോട്ടയത്ത് മണിമലയാർ പുഴ കരകവിഞ്ഞൊഴുകി. മുണ്ടക്കയത്ത് വീടുകളിൽ വെള്ളം കയറി. വളപട്ടണം പുഴയും കരകവിഞ്ഞൊഴുകുകയാണ്. പമ്പയിലും ജലനിരപ്പ് ഉയരുകയാണ്. കനത്ത മഴ വയനാട് ജില്ലയെ സാരമായി ബാധിച്ചിട്ടുണ്ട്. വയനാട് കുഞ്ഞോം കോളനിയിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഇടുക്കിയിൽ വ്യാപക മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചെറുതോണി ചുരുളിയിളും നേര്യമംഗലം റൂട്ടിലും മണ്ണിടിഞ്ഞു. പന്നിയാർക്കുട്ടി, രാജാക്കാട്, വെള്ളത്തൂവൽ മേഖലകളിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കനഗറിൽ വീടുകളിലേയ്ക്ക് വെള്ളം കയറുകയാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്.

മഴക്കെടുതികളിൽ സംസ്ഥാനത്ത് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലക്കാട് അട്ടപ്പാടിയിൽ വീടിന് മുകളിൽ മരം വീണ് ചുണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തുവാണ് മരിച്ചത്.

Exit mobile version