ഗതാഗതരംഗത്ത് പുത്തന്‍ സാധ്യതകള്‍; മെട്രോയ്ക്ക് പിന്നാലെ കൊച്ചിയില്‍ ട്രാം വരുന്നു

കൊച്ചിയില്‍ ലഘു മെട്രോ പദ്ധതിയായ ട്രാമിന്റെ സാധ്യതാപഠനം പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി

കൊച്ചി: മെട്രോ റെയില്‍ കടന്നു പോകാത്ത മേഖലകളെ ബന്ധിപ്പിക്കാനായി ട്രാം എത്തിയേക്കും. കൊച്ചിയില്‍ ലഘു മെട്രോ പദ്ധതിയായ ട്രാമിന്റെ സാധ്യതാപഠനം പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. 1000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി എറണാകുളം ഗോശ്രീ മുതല്‍ തോപ്പുംപടി വഴി ഫോര്‍ട്ട് കൊച്ചിയിലെത്തുന്ന രീതിയിലാണ്.

മെട്രോയില്‍ എത്തിപ്പെടാന്‍ കഴിയാത്ത നഗരവീഥികളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാം പദ്ധതി. ഗതാഗതരംഗത്ത് പുത്തന്‍ സാധ്യതകള്‍ ഒരുക്കുന്ന പദ്ധതി ഗതാഗത വകുപ്പ് ആണ് തയ്യാറാക്കിയത്. ഏകദേശം 1000 കോടിയോളം ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി. പത്ത് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ളതാണ് ഒന്നാം ഘട്ടം.

ഗോശ്രീ പാലത്തിന് സമീപത്ത് നിന്നും തുടങ്ങി ഹൈക്കോടതി, മറൈന്‍ഡ്രൈവ്, പാര്‍ക്ക് അവന്യു, മഹാരാജാസ് കോളേജ്, രവിപുരം, ഷിപ്പയാര്‍ഡ്, പെരുമാനൂര്‍, നേവല്‍ ബേസ്, വെല്ലിംഗ്ടണ്‍, തോപ്പുംപടി, ചുള്ളിക്കല്‍, മട്ടാഞ്ചേരി വഴി ഫോര്‍ട്ട് കൊച്ചിയിലെത്തുന്നതാണ് ഒന്നാം ഘട്ടം. രണ്ടാംഘട്ടം തോപ്പുംപടിയില്‍ നിന്നും ഇടക്കൊച്ചിയിലേക്കാണ്.

നിലവില്‍ കൊല്‍ക്കത്തയില്‍ മാത്രം സര്‍വ്വീസ് നടത്തുന്ന ട്രാം മുന്‍പ് കൊച്ചിയില്‍ രാജ ഭരണകാലത്ത് ചാലക്കുടിയേയും പറമ്പിക്കുളം വന്യജീവി സങ്കേതത്തെയും ബന്ധിപ്പിച്ച് 1907ല്‍ സര്‍വീസ് നടത്തിയിരുന്നു. വനത്തില്‍ നിന്നും തേക്കും ചന്ദനവും മറ്റും ചാലക്കുടിയിലെത്തിക്കാനായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്.

റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തിയാണ് പുതുതലമുറ ട്രാം പദ്ധതിയൊരുങ്ങുന്നത്. റോഡിന് സമാന്തരമായുള്ള റെയിലിലൂടെ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രാമില്‍ 200 പേര്‍ക്ക് യാത്ര ചെയ്യാം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ തന്നെ തുടര്‍ നടപടികളാരംഭിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

Exit mobile version