തെളിവ് ശ്രീറാം കൊണ്ടുവന്നു തരുമോ? തെളിവ് ലഭിക്കാത്തതിന് ന്യായീകരണം വേണ്ട; വീഴ്ചകൾ എണ്ണിപ്പറഞ്ഞ് രൂക്ഷ വിമർശനവുമായി കോടതി

കൊച്ചി: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം വരുത്തി മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. ശ്രീറാം വെങ്കിട്ടരാമനെതിരായ തെളിവ് ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയ പോലീസിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നതും അന്വേഷണത്തിലെ വീഴ്ചയും പോലീസിനെ വിമർശിക്കാൻ കോടതി കാരണമാക്കി.

വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാതിരുന്നതിന് ഒരു ന്യായീകരണവും ഇല്ല, തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് പോലീസ് തടഞ്ഞില്ല?, ശ്രീറാമിനെതിരായ തെളിവ് അയാൾ കൊണ്ടുവരുമെന്ന് കരുതിയോ എന്നും കോടതി പോലീസിനോട് ആരാഞ്ഞു. ഗവർണർ അടക്കം താമസിക്കുന്നിടത്ത് സിസിടിവി എങ്ങനെ ഇല്ലെന്ന് പറയുമെന്നും ഹൈക്കോടതി ചോദിച്ചു. തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നതിൽ അടക്കം പോലീസിന്റെ വീഴ്ചകൾ ഓരോന്നും എണ്ണിപ്പറഞ്ഞായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ആവശ്യത്തെ തള്ളിയ ഹൈക്കോടതി നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് പറഞ്ഞെങ്കിലും ശ്രീറാമിന്റെ ജാമ്യത്തിന് സ്റ്റേ അനുവദിക്കാനാകില്ലെന്ന് നിലപാടെടുത്തു. തെളിവ് നൽകാതെ ശ്രീറാം കബളിപ്പിച്ചു എന്നായിരുന്നു സർക്കാരിന്റെ കോടതിയിലെ വാദം. ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ കിംസ് ആശുപത്രിയുമായി ഗൂഢാലോചന നടത്തിയെന്നും സർക്കാർ വാദിച്ചു.കേസിൽ ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയിൽ പറഞ്ഞു.

ജാമ്യം റദ്ദാക്കിയില്ലെങ്കിലും കേസിൽ ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ച വിശദമായി വീണ്ടും വാദം കേൾക്കും.

Exit mobile version