കാലിക്കറ്റ് മുന്‍ വിസി ഡോ. എം അബ്ദുള്‍ സലാമും സെയ്ദ് താഹാ ബാഫഖി തങ്ങളും ബിജെപിയില്‍ ചേരും: വ്യക്തമാക്കി പിഎസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എം അബ്ദുള്‍ സലാം ബിജെപിയിലേക്ക്. സലാമിന് പുറമെ മുസ്ലീംലീഗിന്റെ നേതാവായിരുന്ന സെയ്ദ് ഉമ്മര്‍ ബാഫഖി തങ്ങളുടെ ചെറുമകന്‍ സെയ്ദ് താഹാ ബാഫഖി തങ്ങള്‍, മന:ശാസ്ത്രജ്ഞനായ ഡോ. യാഹ്യാഖാന്‍ എന്നിവരും ബിജെപിയില്‍ ചേരുന്ന കാര്യം ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള പത്രക്കുറിപ്പില്‍ അറിയിച്ചു. നാളെ നാലുമണിയ്ക്ക് കോഴിക്കോട് വച്ച് നടക്കുന്ന ചടങ്ങില്‍ അംഗത്വം വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

2011-15 കാലത്ത് യുഡിഎഫ് നോമിനിയായാണ് അബ്ദുള്‍ സലാം കാലിക്കറ്റ് വൈസ് ചാന്‍സിലറാവുന്നത്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമരങ്ങളും വിവാദങ്ങളും അരങ്ങേറിയത് ഈ നാല് വര്‍ഷത്തിനിടെയായിരുന്നു. വിദ്യാര്‍ഥി, അധ്യാപക, സര്‍വീസ് സംഘടനകള്‍ വിവിധ വിഷയങ്ങളില്‍ വിസിക്കെതിരെ സമരവുമായി എത്തിയിരുന്നു.

മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകന്റെ മകനാണ് താഹ ബാഫഖി തങ്ങള്‍. ബാഫഖി തങ്ങള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ് താഹ ബാഫഖി തങ്ങള്‍.

പുതുതായി അഞ്ചുലക്ഷം പേരാണ് ബിജെപിയില്‍ അംഗങ്ങളാവാനായി എത്തിയതെന്ന് ശ്രീധരന്‍ പിള്ള അറിയിച്ചു. 15 ലക്ഷമാണ് ഇപ്പോഴുള്ള അംഗത്വസംഖ്യ. 35 ലക്ഷം അംഗങ്ങളെ പാര്‍ട്ടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ജനുവരി 31 വരെ ഇതിനായി സമയമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Exit mobile version