റദ്ദാക്കിയ കൊങ്കണ്‍ തീവണ്ടികളിലെ റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ പണത്തിനായി 72 മണിക്കൂറിനകം അപേക്ഷിക്കാം

ഇതിനായി സ്റ്റേഷനുകളില്‍ ആവശ്യമായ ഫണ്ട് ഒരുക്കാനും തുക കുറവെങ്കില്‍ അറിയിക്കാനും റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്

കണ്ണൂര്‍: മണ്ണിടിച്ചില്‍ കാരണം റദ്ദാക്കിയ കൊങ്കണ്‍ തീവണ്ടികളിലെ റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് പണം തിരിച്ചു കിട്ടാനായി 72 മണിക്കൂറിനകം അപേക്ഷിക്കാം. മുമ്പ് തീവണ്ടികള്‍ റദ്ദാക്കിയാല്‍ റീഫണ്ടിന് അപേക്ഷ നല്‍കാതെ തുക കിട്ടുമായിരുന്നു. എന്നാല്‍ നിയമം മാറിയതോടെയാണ് അപേക്ഷ നല്‍കണെമന്ന് റെയില്‍വേ അറിയിച്ചത്.

മുംബൈ പന്‍വേലിലെ മണ്ണിടിച്ചില്‍ കാരണമാണ് കൊങ്കണ്‍ തീവണ്ടികള്‍ റദ്ദാക്കിയത്. കൗണ്ടറുകളില്‍ നിന്നെടുത്ത ടിക്കറ്റുകളുടെ തുക സ്റ്റേഷനില്‍നിന്നു കിട്ടും. ഇതിനായി സ്റ്റേഷനുകളില്‍ ആവശ്യമായ ഫണ്ട് ഒരുക്കാനും തുക കുറവെങ്കില്‍ അറിയിക്കാനും റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യാത്രയ്ക്കായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴി എടുത്ത ഇ-ടിക്കറ്റുകള്‍ക്ക് ഉടന്‍ റീഫണ്ട് കിട്ടില്ല. യാത്രക്കാര്‍ ടിഡിആര്‍ (ടിക്കറ്റ് ഡെപ്പോസിറ്റ് റസീപ്റ്റ്) ഫയല്‍ ചെയ്യണമെന്നും 72 മണിക്കൂറിനുള്ളില്‍ത്തന്നെ വേണമെന്നും റെയില്‍വേ അറിയിച്ചു. എന്നാല്‍ നേത്രാവതി അടക്കമുള്ള വണ്ടികളിലുണ്ടായിരുന്ന ജനറല്‍ ടിക്കറ്റുകാര്‍ക്ക് പണം തിരിച്ചുകിട്ടില്ല.

Exit mobile version