പ്രധാനാധ്യാപിക ഗേറ്റ് പൂട്ടി പോയി: അധ്യാപികയും കുട്ടിയും അങ്കണവാടിയില്‍ കുടുങ്ങി, പൂട്ട് തകര്‍ത്ത് രക്ഷപ്പെടുത്തി

പത്തനംതിട്ട: പ്രധാനാധ്യാപിക ഗേറ്റ് പൂട്ടിയതോടെ അധ്യാപികയും ഹെല്‍പ്പറും കുട്ടിയും അങ്കണവാടിയില്‍ കുടുങ്ങി. മങ്ങാരം ഗവ.യുപി സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലാണ് സംഭവം.

സ്‌കൂള്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും വീട്ടില്‍ പോയിരുന്നോ എന്ന് ഉറപ്പാക്കാതെ പ്രധാനാധ്യാപിക ഡി രജിത പ്രധാന ഗേറ്റ് പൂട്ടി പോയതാണ് പ്രശ്‌നമായത്.

സമയമായിട്ടും കുട്ടിയും ബന്ധുവും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവര്‍ അങ്കണവാടിയില്‍ കുടുങ്ങിയ വിവരമറിയുന്നത്. ഗേറ്റ് തുറക്കുന്നതിനായി പ്രധാനാധ്യാപികയെ പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്നു നഗരസഭാംഗങ്ങളെയും പോലീസിനെയും വിവരം അറിയിച്ചു. നഗരസഭാംഗങ്ങളായ ജി.അനില്‍ കുമാര്‍, വി.വി.വിജയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. അവരുടെ സാന്നിധ്യത്തിലാണ് പൂട്ടു തകര്‍ത്തു ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി.

ഇതു സംബന്ധിച്ചു പോലീസിലും പന്തളം ഐസിഡിഎസ് ഓഫിസര്‍ക്കും അധ്യാപിക പരാതി നല്‍കി. ഐസിഡിഎസ് ഓഫിസര്‍ റാഹില കലക്ടര്‍ക്കും ബാലാവകാശ കമ്മിഷനും ഏഇഒയ്ക്കും പരാതി നല്‍കി. പ്രധാനാധ്യാപികയും അങ്കണവാടി അധ്യാപികയും തമ്മിലുള്ള ശീതസമരത്തെത്തുടര്‍ന്നാണ് സംഭവമുണ്ടായതെന്നും പരാതിയില്‍ പറയുന്നു.

Exit mobile version