ശ്രീറാം വെങ്കിട്ടരാമന്‍ ജാമ്യാപേക്ഷ നല്‍കി; പരിക്കുള്ളതിനാല്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ റിമാന്‍ഡ് പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായര്‍ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഹാജരാകുമെന്നാണ് വിവരം.

അതേസമയം, പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടും ജയിലില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പൂജപ്പുര ജില്ലാ ജയിലില്‍ എത്തിച്ചെങ്കിലും തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് ശ്രീറാം അറിയിച്ചതോടെയാണ് ജയിലിനുള്ളില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടങ്ങിയത്. കിംസിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു. കൈയ്ക്കും നട്ടെല്ലിന് പരുക്കും ഛര്‍ദിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്ന് മജിസ്‌ട്രേട് വ്യക്തമാക്കി. ജയിലിലേക്ക് മാറ്റാനുള്ള ഉത്തരവാണ് മജിസ്‌ട്രേറ്റ് നല്‍കിയത്. ജയില്‍ സൂപ്രണ്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ സെല്ലിലേക്ക് മാറ്റുമെന്നാണ് സൂചന.

Exit mobile version