ശ്രീറാം വെങ്കിട്ടരാമന് ആശുപത്രിവാസം ആവശ്യമില്ലെന്ന് മജിസ്‌ട്രേറ്റ്: ജയിലിലേക്ക് എത്തിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാജയിലിലേക്ക് മാറ്റി. ആശുപത്രിവാസം വേണ്ടെന്ന മജിസ്‌ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ചാണ് നടപടി.

നേരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ധാരണ. എന്നാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് സബ് ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. ശ്രീറാമിന് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റാന്‍ തീരുമാനമായത്.

മാസ്‌ക് ധരിപ്പിച്ച് സ്‌ട്രെച്ചറില്‍ കിടത്തി ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള രോഗിയുടെ പ്രതീതിയുണ്ടാക്കിയാണ് അത്യാധുനിക സൗകര്യമുള്ള ഐസിയു ആംബുലന്‍സില്‍ ശ്രീറാമിനെ മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്.

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കിംസ് ആശുപത്രിയിലെ സുഖ സൗകര്യങ്ങളില്‍ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ പോലീസ് തയ്യാറായത്. എന്നാല്‍ ഇതുവരെയും ശ്രീറാമിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

Exit mobile version