സനല്‍കുമാര്‍ കൊലപാതകം..! ഡിവൈഎസ്പി ബി ഹരികുമാറിനെതിരെയുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന്; ലുക്ക് ഔട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കും

നെയ്യാറ്റിന്‍കര: തര്‍ക്കത്തിനിടെ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിവൈഎസ്പി ബി ഹരികുമാറിനെതിരെയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. തിരുവനന്തപുരം റൂറല്‍ എസ്പി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി ഉത്തരവിട്ടത്. കേസില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണം വിവാദങ്ങള്‍ക്ക് കാരണമാകുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ലുക്ക് ഔട്ട് നോട്ടീസ് ഉടന്‍ തന്നെ പുറപ്പെടുവിക്കും. ഹരികുമാറിന്റെ പാസ്‌പോര്‍ട്ട് കണ്ടുക്കെട്ടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസ് ആയതുക്കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് ഉചിതമെന്നാണ് റിപ്പോര്‍ട്ടില്‍ റൂറല്‍ എസ്പി വ്യക്തമാക്കിയിരുന്നു. 2010ലുള്ള ഉത്തരവിലും ഇത്തരത്തിലുള്ള കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് ശരിയായ നടപടിയെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും എസ്പി ശുപാര്‍ശയിലുണ്ടായിരുന്നു.

കൊടങ്ങാവിളയില്‍ തിങ്കളാഴ്ച രാത്രിയാണ് സനല്‍ കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി വാഹനം പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു.

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിടുകയും എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും ഡിവൈഎസ്പി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുകയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഡിവൈഎസ്പി തമിഴ്‌നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്.

Exit mobile version