പെട്രോള്‍ പമ്പില്‍ ജീവനക്കാരന് നേരെ ബൈക്ക് ഉടമയുടെ ഹെല്‍മറ്റ് ആക്രമണം; പോലീസ് അന്വേഷണം ആരംഭിച്ചു

ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് ബൈക്ക് ഉടമ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചത്

വെള്ളനാട്: വെള്ളനാടില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെ ബൈക്ക് ഉടമയുടെ ആക്രമണം. ഉറിയാക്കോട് സ്നേഹതീരത്തില്‍ പ്രവീണിമാണ്(21) മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ഞായര്‍ രാവിലെയാണ് സംഭവം. ഹെല്‍മെറ്റ് കൊണ്ട് മര്‍ദ്ദനമേറ്റ പ്രവീണ്‍ വെള്ളനാട് ആശുപത്രിയില്‍ ചികിത്സ തേടി. കമ്പനിമുക്ക് നെടിയവിള സ്വദേശിയാണ് പ്രവീണിനെ ആക്രമിച്ചത്.

രാവിലെ പമ്പില്‍ വാഹനങ്ങളുടെ തിരക്കില്ലാത്തതിനാല്‍ പെട്രോള്‍ പമ്പിന്റെ ഒരു വശത്ത് ഇരിക്കുകയായിരുന്നു. ആ സമയത്താണ് നെടിയവിള സ്വദേശി ബൈക്കില്‍ പെട്രോള്‍ നിറയ്ക്കാന്‍ എത്തിയത്. തുടര്‍ന്ന് പ്രവീണ്‍ പെട്രോള്‍ അടിക്കുന്നതിനു ബൈക്കിന്റെ അടുത്തെത്തിയപ്പോള്‍ വാഹന ഉടമ ഹെല്‍മറ്റ് ഉപയോഗിച്ച് തലയ്ക്ക് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഒടുവില്‍ നാട്ടുകാരെത്തി പിടിച്ചുമാറ്റി. പമ്പില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ നിന്ന് ആക്രമണത്തിന്റെ ദ്യശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ആര്യനാട് പൊലീസ് കേസെടുത്തു. വെള്ളനാട് ശ്രീശാസ്താ പെട്രോള്‍ പമ്പിലാണ് ജീവനക്കാരന് ഈ ദുരനുഭവം. ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് ബൈക്ക് ഉടമ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചത്.

Exit mobile version