റിയാദ്: പത്രപപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചതായി സൗദി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കോണ്‍സുലേറ്റിനകത്ത് വെച്ചുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കേസിന്റെ ഭാഗമായി 18 സൗദികളെ ഉദ്യോഗസ്ഥര്‍ ഇതുവരെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും സൗദി പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ പറഞ്ഞു. മാത്രമല്ല സൗദി ഇന്റലിജന്‍സ് വിഭാഗം മേധാവി അഹ്മദ് അല്‍ അസിരിയേയും രാജകീയ കോടതി ഉപദേശകന്‍ സൗദ് അല്‍ ഖ്വതാനിയേയും പുറത്താക്കിയതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പത്രപ്രവര്‍ത്തകന്റെ കൊലപാതക കാരണം ഇതുവരെ വ്യക്തമല്ല. അതിനായി അന്വേഷണം ശക്തമാക്കാനാണ് തുര്‍ക്കിയുടെ തീരുമാനം.
മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നിരവധി തവണ വിമര്‍ശനാത്മക ലേഖനങ്ങള്‍ എഴുതിയ ഖഷോഗ്ജി ഒക്ടോബര്‍ 2 മുതലാണ് കാണാതാകുന്നത്. ഖഷോഗിയുടെ മരണം രാജ്യാന്തരതലത്തില്‍ സൗദിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കൊലപാതകത്തില്‍ സൗദിയുടെ പങ്ക് തെളിഞ്ഞാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് നേരത്തെ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
എന്നാല്‍ കൊലപാതകത്തിന് സൗദിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു സൗദിയുടെ മുന്‍ നിലപാട്. തെമ്മാടിക്കൂട്ടമാകാം അദ്ദേഹത്തെ കൊന്നത് എന്നായിരുന്നു ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ സൗദി രാജാവ് പറഞ്ഞത്.