എന്നെ ഏറെ വേദനിപ്പിച്ചു, ഞങ്ങള്‍ പാവപ്പെട്ടവരാണ്, എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍; പ്രതികരണവുമായി സൊമാറ്റോ ഡെലിവറി ബോയ്

മതത്തിന്റെ പേരിലുള്ള വേര്‍തിരിവ് വീണ്ടും ചര്‍ച്ചയ്ക്ക് വിധേയമായത്.

ന്യൂഡല്‍ഹി: ഡെലിവറി ബോയ് അഹിന്ദു ആയതിന്റെ പേരില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ക്യാന്‍സല്‍ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡെലിവറി ബോയ്. മതത്തിന്റെ പേരില്‍ ഭക്ഷണം ക്യാന്‍സല്‍ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി ഡെലിവറി ബോയ് രംഗത്തെത്തിയിരിക്കുന്നത്. ഫയാസ് എന്ന യുവാവ് ആണ് ഭക്ഷണവുമായി ജബല്‍പൂരിലേയ്ക്ക് പോയത്.

എന്നാല്‍ ഫയാസ് നല്‍കിയ ഭക്ഷണം ഉപഭോക്താവ് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഹിന്ദു കൊണ്ടുവരാത്ത ഭക്ഷണം വേണ്ട എന്നായിരുന്നു എടുത്ത നിലപാട്. ഈ സംഭവം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് ഫയാസ് പറയുന്നു. ”അത് എന്നെ ഏറെ വേദനിപ്പിച്ചു. പക്ഷേ എനിക്ക് എന്തു ചെയ്യാനാവും… ഞങ്ങള്‍ പാവപ്പെട്ടവരാണ് ഇത്തരം കാര്യങ്ങളെല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍”- ഫയാസ് പറയുന്നു.

‘ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്. കാന്‍സല്‍ ചെയ്തതുകൊണ്ട് റീഫണ്ട് നടക്കില്ലെന്നും അവര്‍ പറയുന്നു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്നെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാവില്ല. എനിക്ക് ഈ ഭക്ഷണം ആവശ്യമില്ല. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്. റീഫണ്ടും വേണ്ട”- എന്നായിരുന്നു അമിത് ശുക്ല എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ‘ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് ‘എന്നായിരുന്നു അമിതിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് സൊമാറ്റോയും മറുപടി നല്‍കിയിരുന്നു. ഇതോടെയാണ് മതത്തിന്റെ പേരിലുള്ള വേര്‍തിരിവ് വീണ്ടും ചര്‍ച്ചയ്ക്ക് വിധേയമായത്.

സംഭവത്തില്‍ സൊമാറ്റോ സ്ഥാപകന്‍ ദീപേന്ദര്‍ ഗോയലും പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യയെ കുറിച്ചും പ്രിയപ്പെട്ട ഉപഭോക്താക്കളെ കുറിച്ചും പങ്കാളികളെ കുറിച്ചും ഏറെ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ പേരില്‍ ബിസിനസില്‍ എന്തെങ്കിലും നഷ്ടമുണ്ടായാല്‍ പോലും തങ്ങള്‍ അത് കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. സമൂഹമാധ്യമങ്ങളുടെയും മറ്റും പിന്തുണയ്ക്ക് പുറമെ സൊമാറ്റോയ്ക്ക് പിന്തുണ അറിയിച്ച് മറ്റൊരു ഫുഡ് ഡെലിവറി സ്ഥാപനമായ ഊബര്‍ ഈറ്റ്‌സ് ഇന്ത്യയടക്കം രംഗത്തെത്തിയിരുന്നു. ‘സൊമാറ്റോ, ഞങ്ങള്‍ ഉണ്ട് നിങ്ങളുടെ കൂടെ’ എന്ന് ട്വീറ്റ് ചെയ്തായിരുന്നു ഊബര്‍ ഈറ്റ്‌സ് പിന്തുണ പ്രഖ്യാപിച്ചത്.

Exit mobile version