യെദ്യൂരപ്പയുടെ വിശ്വാസ വോട്ടെടുപ്പ് ഉടൻ; അയോഗ്യരാക്കിയ എംഎൽഎമാർ മുംബൈയിൽ നിന്നും തിരിച്ചു

ബംഗളൂരു: കർണാടക നിയമസഭയിൽ രാഷ്ട്രീയ നാടകത്തിന് ഒടുവിൽ യെദ്യൂരപ്പയുടെ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കർണാടകയിൽ അയോഗ്യരാക്കപ്പെട്ട വിമത എംഎൽഎമാർ ബംഗളൂരുവിലേക്ക് തിരിച്ചെത്തി തുടങ്ങി. അതേസമയം, മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അൽപസമയത്തിനകം വിശ്വാസവോട്ട് തേടും.

100 ശതമാനം ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജെഡിഎസ്-കോൺഗ്രസ് സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വോട്ടെടുപ്പിന് മുന്നോടിയായി 105 എംഎൽഎമാർക്കും ബിജെപി വിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസും തങ്ങളുടെ എംഎൽഎമാർക്ക് വിപ്പ് നൽകി.

ഇതിനിടെ സ്പീക്കർ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയവരിൽ മുംബൈയിൽ കഴിഞ്ഞിരുന്ന വിമതരിൽ അഞ്ചു പേരാണ് ഇന്ന് രാവിലെ ബംഗളൂരുവിൽ എത്തിചേർന്നത്. അയോഗ്യരാക്കിയതോടെ ഇവർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ല. 2023 വരെ ഇവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമാവില്ല. 17 പേരെയാണ് സ്പീക്കർ കെആർ രമേശ് കുമാർ ഇന്നലെ മാത്രം അയോഗ്യരാക്കിയത്. രണ്ട് ദിവസം മുമ്പ് മൂന്ന് പേരെയും അയോഗ്യരാക്കിയിരുന്നു.

17 എംഎൽഎമാരെ അയോഗ്യരാക്കിയതിന് ശേഷം സ്പീക്കർ ഒഴികെ 207 പേരാണ് കർണാടക നിയമസഭയിലുള്ളത്. 104 പേരുടെ പിന്തുണയാണ് വിശ്വാസ വോട്ടെടുപ്പിൽ ജയിക്കാൻ വേണ്ടത്. ബിജെപിക്ക് നിലവിൽ 105 എംഎൽഎമാരുണ്ട്. കൂടാതെ സ്വതന്ത്ര എംഎൽഎ നാഗേഷിന്റെ പിന്തുണയും യെദ്യൂരപ്പയ്ക്കുണ്ട്.

Exit mobile version