ആകാശത്ത് നിന്ന് വലിയ ശബ്ദം, വയലിലേയ്ക്ക് പതിച്ച് ഉല്‍ക്കാ; ബിഹാറില്‍ ഉല്‍ക്കാപതനം, അമ്പരപ്പ് വിട്ടുമാറാതെ കര്‍ഷകര്‍

ഉല്‍ക്കാ പതനത്തെ തുടര്‍ന്ന് ഏകദേശം നാലടി ആഴത്തില്‍ വയലില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്.

പട്‌ന: ബിഹാറിലെ മഹാദേവ ഗ്രാമത്തില്‍ ഉല്‍ക്ക പതിച്ചു. ആകാശത്ത് നിന്ന് ഉഗ്ര ശബ്ദത്തോടു കൂടിയാണ് ഉല്‍ക്കാശില പതിച്ചത്. വയലിലാണ് പതിച്ചത്. ശബ്ദം കേട്ട് കര്‍ഷകര്‍ ഓടിമാറിയതിനാല്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് ഭൂമിയിലേക്ക് ഉല്‍ക്കാശില പതിക്കാറുള്ളതെന്ന് നാസ പറയുന്നു. ബുധനാഴ്ചയാണ് ഉല്‍ക്ക പതിച്ചത്.

ഉല്‍ക്കാ പതനത്തെ തുടര്‍ന്ന് ഏകദേശം നാലടി ആഴത്തില്‍ വയലില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. ശിലയില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. നിലവില്‍ ബിഹാര്‍ മ്യൂസിയത്തിലാണ് ഉല്‍ക്കാശില സൂക്ഷിച്ചിരിക്കുന്നത്. വൈകാതെ തന്നെ ബിഹാറിലെ ശ്രീകൃഷ്ണ സയന്‍സ് സെന്ററിലേക്ക് ഇതു മാറ്റുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഉല്‍ക്കാശില തന്നെയാണിതെന്ന് ഉറപ്പിക്കാനുള്ള പരിശോധനയ്ക്കു വേണ്ടിയാണ് മാറ്റുന്നത്. ഇതിന്റെ വലുപ്പമേറിയ കഷണമാണ് മ്യൂസിയത്തിലെത്തിച്ചത്. ആദ്യകാഴ്ചയില്‍ സാധാരണ പാറ പോലെയാണ് ഉല്‍ക്കാശിലയുടെയും രൂപം. എന്നാല്‍ ഇവയ്ക്കു സമീപം ഇരുമ്പ് കൊണ്ടുവന്നാല്‍ ഒട്ടിപ്പിടിക്കും ഈ കാന്തികസ്വഭാവമാണ് ഇവ ഉല്‍ക്കാശിലയാണെന്നു സ്ഥിരീകരിക്കാനുള്ള പ്രധാന തെളിവ്.

ഭൂമിക്കു നേരെ തീപിടിച്ചു പാഞ്ഞെത്തിയതിനാല്‍ ചൂടേറി പല ഭാഗങ്ങള്‍ക്കും നല്ല തിളക്കമായിരിക്കും. അത്തരം തിളക്കമേറിയ ചില കഷണങ്ങളും ബിഹാറിലെ പാടത്തു നിന്നു ലഭിച്ചിട്ടുണ്ട്. ഈ സാധ്യതകള്‍ കണ്ടാണ് പതിച്ചത് ഉല്‍ക്ക തന്നെയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version