ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമേന്തി നഗ്നരായി തമിഴ്‌നാട്ടില്‍ നിന്നും കര്‍ഷകര്‍; പാര്‍ലമെന്റിലേയ്ക്ക് ചുവടവെച്ച് ലക്ഷങ്ങള്‍! കേന്ദ്രം സമ്മര്‍ദ്ദത്തില്‍

കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത രണ്ടു കര്‍ഷകരുടെ തലയോട്ടികളുമായാണ് തമിഴ്നാട്ടില്‍ നിന്ന് 1,200-ഓളം പേര്‍ ഡല്‍ഹിയിലെത്തിയത്.

ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമേന്തി നഗ്നരായി പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ നിന്നുമുള്ള കര്‍ഷകര്‍. അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചില്‍ ലക്ഷങ്ങളാണ് പാര്‍ലമെന്റിലേയ്ക്ക് ചുവട്‌വെയ്ക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ന്യായവില ഏര്‍പ്പെടുത്തുക, മാസം 5,000 രൂപ പെന്‍ഷന്‍ നല്‍കുക എന്നിവയാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത രണ്ടു കര്‍ഷകരുടെ തലയോട്ടികളുമായാണ് തമിഴ്നാട്ടില്‍ നിന്ന് 1,200-ഓളം പേര്‍ ഡല്‍ഹിയിലെത്തിയത്. ഇവര്‍ ചിലര്‍ നഗ്നരായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. തമിഴ്നാട്ടിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാണ, കേരളം എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കര്‍ഷകര്‍ എത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് രണ്ടുദിവസത്തെ കര്‍ഷകമാര്‍ച്ച്.

ഡല്‍ഹിയിലെ നിസാമുദീന്‍, ബിജ്വാസന്‍, സബ്ജി മണ്ഡി, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളില്‍നിന്നാണ് പദയാത്രകള്‍ എത്തിയത്. തലസ്ഥാന നഗരിയില്‍ പലയിടങ്ങളിലും ഗതാഗതം സ്തംഭിപ്പിച്ചു കൊണ്ടാണ് പദയാത്ര. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷാവലയത്തിലാണ് ഡല്‍ഹി. ആയിരത്തിലേറെ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Exit mobile version