റോഡ് വികസനത്തിന്റെ പേരില്‍ പാതയോരത്തെ തണല്‍ മരം മുറിച്ചില്ല; പകരം പിഴുത് നട്ടു, സോഷ്യല്‍മീഡിയയില്‍ കൈയ്യടി

വനം വകുപ്പിന്റെ സ്ഥലത്ത് ആണ് പിഴുതെടുത്ത മരം നട്ടത്.

മേട്ടുപ്പാളയം: റോഡ് വികസനം വന്നാല്‍ സമീപത്തെ മരങ്ങള്‍ മുറിച്ച് മാറ്റുന്നത് പതിവു രീതിയാണ്. അങ്ങനെ നിരവധി മരങ്ങളാണ് മുറിച്ച് മാറ്റിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് റോഡ് വികസനത്തിന് വേണ്ടി ഒരു മരം പിഴുതെടുത്ത് നട്ടിരിക്കുകയാണ്. വ്യത്യസ്തമായി നടപടി കൈകൊണ്ടത് മേട്ടുപ്പാളയത്താണ്. മേട്ടുപ്പാളയം-കോയമ്പത്തൂര്‍ റോഡരികില്‍ കാരമട ഗാന്ധിനഗറില്‍ നിന്നിരുന്ന ആയമരമാണ് വേരോടെ പിഴതെടുത്ത് നട്ടത്.

വനം വകുപ്പിന്റെ സ്ഥലത്ത് ആണ് പിഴുതെടുത്ത മരം നട്ടത്. റോഡ് വികസനത്തിന് വേണ്ടി ഈ മരം മുറിച്ചുമാറ്റുന്നെന്ന വാര്‍ത്ത ‘നമത് മേട്ടുപ്പാളയം’ സാമൂഹിക മാധ്യമക്കൂട്ടായ്മയിലെ അംഗങ്ങള്‍ അറിഞ്ഞു. തുടര്‍ന്ന് മരം പറിച്ചുനടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. ‘ഓസൈ’ എന്ന പ്രകൃതിസംരക്ഷണസമിതി അംഗങ്ങളെ വിവരമറിയിച്ചതോടെ അവരും സഹായത്തിനായി ഓടിയെത്തുകയായിരുന്നു.

റോഡരികില്‍ നിന്നിരുന്ന മരം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് വേരോടെ പിഴുത് ലോറിയില്‍ കയറ്റി. എന്നാല്‍ മരത്തില്‍ ഉയരം കൂടുതല്‍ ആയതിനാല്‍ ആ ശ്രമം ഉപേക്ഷിക്കണ്ടതായി വന്നു. തുടര്‍ന്ന് മരത്തില്‍ കയര്‍ കെട്ടി മണ്ണുമാന്തി യന്ത്രത്തില്‍ കെട്ടിത്തൂക്കിയാണ് കൊണ്ടുപോയത്. എട്ട് കിലോമീറ്റര്‍ മാറി കോത്തഗിരി റോഡിലെ വനംവകുപ്പിന്റെ മരം ഡിപ്പോയിലേക്കാണ് ഇത് കൊണ്ടുപോയത്. വലിയ മരം കൊണ്ടുപോകുന്നതിനാല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. വൈകീട്ടോടെ കോത്തഗിരി റോഡിലെ വനംവകുപ്പിന്റെ മരം ഡിപ്പോയില്‍ എത്തിച്ച മരം അവിടെ തയ്യാറാക്കിവെച്ചിരുന്ന കുഴിയില്‍ നട്ടു. പ്രകൃതിസംരക്ഷണത്തെക്കുറിച്ച് പ്രതിജ്ഞയെടുത്ത ശേഷമാണ് ഇവര്‍ പിരിഞ്ഞു പോയത്.

Exit mobile version