ഭാര്യ വീട്ടുകാര്‍ സൈക്കിള്‍ റിക്ഷ വാങ്ങാന്‍ പണം നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി, പരാതിയുമായി യുവതി

സൂറത്ത്: സൈക്കിള്‍ റിക്ഷ വാങ്ങാന്‍ ഭാര്യ വീട്ടുകാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഇതേ തുടര്‍ന്ന് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ്. സൂറത്തിലാണ് സംഭവം നടന്നത്. തന്റെ വീട്ടുകാര്‍ ഭര്‍ത്താവിന് നാല്‍പതിനായിരം രൂപ നല്‍കാന്‍ വിസമ്മതിച്ചതാണ് തന്നെ മുത്തലാഖ് ചൊല്ലാന്‍ കാരണം എന്നാണ് യുവതി പോലീസിനോട് പറഞ്ഞിരിക്കുന്നത്.

തന്റെ വീട്ടുകാര്‍ക്ക് ഭര്‍ത്താവിന് ഇത്രയും വലിയ തുക നല്‍കാന്‍ സാഹചര്യമില്ലെന്നും യുവതി പറഞ്ഞു. അതേ സമയം യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് സൂറത്ത് സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി അറിയിച്ചു. പരാതിയെ തുടര്‍ന്ന് യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ടെന്നും എസിപി വ്യക്തമാക്കി.

മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ പാസ്സായതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു പരാതി ഉയര്‍ന്നിരിക്കുന്നത്. മുസ്ലിം സമുദായത്തില്‍ വിവാഹമോചനം നേടാന്‍ ഭര്‍ത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാല്‍ മതിയെന്ന ചട്ടത്തിനെതിരാണ് മുത്തലാഖ് ബില്ല്. മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ജയില്‍ ശിക്ഷ നല്‍കാനുള്ള ചട്ടങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version