നടി പ്രിയാരാമന്‍ ബിജെപിയിലേയ്ക്ക്; സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചല്ലെന്ന് താരം

ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്.

ചെന്നൈ: നടി പ്രിയാ രാമന്‍ ബിജെപിയിലേയ്ക്ക്. കഴിഞ്ഞ ദിവസം തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ പ്രിയാരാമന്‍ ബിജെപി ആന്ധ്രാ സംസ്ഥാന ജനറല്‍ സെക്രട്ടറി വി സത്യമൂര്‍ത്തിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിജെപിയിലേയ്ക്ക് ചേരുന്ന വിവരം പുറത്തു വന്നത്.

ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്. അതേസമയം അംഗത്വം സ്വീകരിച്ചിട്ടില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് താരം കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ താമസിക്കുന്നതിനാല്‍ പ്രവര്‍ത്തനമേഖല തമിഴ്നാട്ടിലായിരിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യം തീരുമാനിക്കേണ്ടത് ബിജെപി നേതൃത്വമാണെന്നും പ്രിയാരാമന്‍ പ്രതികരിച്ചു.

മലയാളം, തെലുങ്ക്, തമിഴ്‌ തുടങ്ങിയ ഭാഷകളിലെ സിനിമകളില്‍ നിറഞ്ഞു നിന്ന താരമാണ് പ്രിയാ രാമന്‍. ആറാംതമ്പുരാന്‍, കാശ്മീര്‍, മാന്ത്രികം തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരത്തെ മലയാളി പ്രേക്ഷകര്‍ക്കും പ്രിയം തന്നെയാണ്. 15ഓളം മലയാള ചിത്രങ്ങളാണ് താരം ചെയ്തിട്ടുള്ളത്. തമിഴ് നടന്‍ രഞ്ജിത്തുമായുള്ള വിവാഹബന്ധം 2014-ലാണ് താരം വേര്‍പ്പെടുത്തിയത്.

Exit mobile version