“പ്രണയം, വിവാഹം, ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹ മോചനം”; 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ വീണ്ടും ഒന്നിച്ച് പ്രിയ രാമനും രഞ്ജിത്തും

priya raman | bignewslive

സിനിമ മേഖലയില്‍ നിന്നും ദിവസേന കേള്‍ക്കുന്നതാണ് വിവാഹ മോചന വാര്‍ത്തകള്‍. എന്നാല്‍ വിവാഹമോചനം നേടിയ താരങ്ങള്‍ വീണ്ടും ഒന്നിച്ച് ജീവിക്കുന്ന കാഴ്ച അപൂര്‍വ്വമാണ്. അത്തരത്തില്‍ ഒരു അപൂര്‍വ്വ വാര്‍ത്തയാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും വരുന്നത്. ഔദ്യോഗികമായി വിവാഹ മോചനം നേടിയ രഞ്ജിത്തും പ്രിയ രാമനും ഇപ്പോള്‍ ഒന്നിച്ചാണ് ജീവിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയ രാമന്‍. നിരവധി മലയാള സിനിമയിലാണ് താരം നായികയായി എത്തിയിട്ടുള്ളത്. രഞ്ജിത്തിനെയും മലയാളികള്‍ക്ക് പരിചിതമാണ്. വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ളത്.

1999 ല്‍ പുറത്തിറങ്ങിയ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്. വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളും ഉണ്ടായി. എന്നാല്‍ ഇതിനിടയില്‍ ബന്ധത്തില്‍ പിന്നീട് വിള്ളലുകളുണ്ടായി. തുടര്‍ന്ന് 2014 ല്‍ രഞ്ജിത്തും പ്രിയ രാമനും ഔദ്യോഗികമായി വിവാഹ മോചനം നേടുകയായിരുന്നു.

എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇവര്‍ വെളിപ്പെടുത്തിയത്.

‘ആരാധകരുടെ സ്‌നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു’.പ്രിയ രാമനെ ആലിംഗനം ചെയ്തുള്ള ചിത്രങ്ങള്‍ക്കൊപ്പം രഞ്ജിത്ത് കുറിച്ചു. മറ്റൊരു വീഡിയോയില്‍ തന്റെ ഭര്‍ത്താവാണ് രഞ്ജിത്തെന്നും പ്രിയ പറയുന്നുണ്ട്.

2014 ല്‍ രഞ്ജിത്തും പ്രിയ രാമനും ഔദ്യോഗികമായി വിവാഹ മോചനം നേടിയ ശേഷം പ്രിയ രാമന്‍, സിനിമകളില്‍ നിന്നും മാറി കൂടുതല്‍ തമിഴ് ടെലിവിഷന്‍ സീരിയലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ ഇതിനിടെ രഞ്ജിത്ത് ആകട്ടെ, നടി രാഗസുധയെ വിവാഹം ചെയ്തു. 2014 ലാണ് രാഗസുധയെ വിവാഹം ചെയ്തത്. എന്നാല്‍ ആ ബന്ധത്തിന് ആയുസ് കുറവായിരുന്നു. 2015ല്‍ തന്നെ ഇവര്‍ വിവാഹ മോചിതരായി. തുടര്‍ന്ന് ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ ലോകത്ത് സജീവമാവുകയായിരുന്നു രഞ്ജിത്ത്. ഇതിനിടയിലാണ് താരങ്ങള്‍ വീണ്ടും ഒന്നിച്ചത്.

Exit mobile version