‘ഇതെന്റെ ഘര്‍വാപ്പസി’; കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത് ബിജെപി എംഎല്‍എ

ഭോപ്പാല്‍: കോണ്‍ഗ്രസ് മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ക്രിമിനല്‍ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത് ബിജെപി എംഎല്‍എ. എംഎല്‍എയായ നാരായണ്‍ ത്രിപാഠിയാണ് കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തത്. 2014ല്‍ കോണ്‍ഗ്രസില്‍ നിന്നും കൂടുമാറി ബിജെപിയിലേക്ക് പോയി തെരഞ്ഞെടുപ്പില്‍ നിന്ന് വിജയിച്ച വ്യക്തിയാണ് നാരായണ്‍. ‘ഇത് എന്റെ ഘര്‍വാപ്പസി’ എന്നാണ് ബില്ലിന് അനുകൂലമായി വോട്ടു ചെയ്തതിനു ശേഷം അദ്ദേഹം പ്രതികരിച്ചത്.

നാരായണ്‍ ത്രിപാഠിയെ കൂടാതെ ബിജെപി എംഎല്‍എയായ ശരദ് കോളും കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു. മധ്യപ്രദേശ് സര്‍ക്കാരിനെ താഴെയിടുമെന്ന് ബിജെപി ഭീഷണി മുഴക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന ബില്ലിനെ അനുകൂലിച്ച് രണ്ട് ബിജെപി എംഎല്‍എമാര്‍ വോട്ടു ചെയ്തത്.

ബിജെപിയിലെ നമ്പര്‍ വണ്ണും, നമ്പര്‍ ടൂവും തങ്ങള്‍ക്ക് അനുകൂലമായ സിഗ്നല്‍ നല്‍കിയാല്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ താഴെവീഴുമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ മുമ്പ് ഭീഷണി മുഴക്കിയിരുന്നു. കര്‍ണാടക സഖ്യസര്‍ക്കാര്‍ താഴെ വീണതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ വെറുതെ നിന്ന് പ്രസംഗിക്കാതെ ധൈര്യമുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് മുഖ്യമന്ത്രി കമല്‍നാഥ് പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചത്.

Exit mobile version