വ്യക്തികളെയും ഇനി ഭീകരന്മാരായി പ്രഖ്യാപിക്കാം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ നിയമഭേദഗതി ബില്‍ പാസ്സാക്കി

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. ഇതോടെ സംഘടനകള്‍ക്ക് പുറമേ വ്യക്തികളെയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്കും സര്‍ക്കാറിനും അധികാരം ലഭിച്ചു.

ആകെ എട്ടു പേരാണ് ബില്ലിന് എതിരായി വോട്ടു ചെയ്തത്. ബില്ലിനെതിരെ മുസ്ലിം ലീഗ് വോട്ടു ചെയ്തു. കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ളവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പോലീസിന്റെ സഹായമോ ഇടപെടലോ ഇല്ലാതെ എന്‍ഐഎക്ക് കണ്ടുകെട്ടാനുള്ള അനുവാദം നല്‍കുന്ന വ്യവസ്ഥകളും യുഎപിഎ നിയമഭേദഗതി ബില്ലിലുണ്ട്. ഭീകര പ്രവര്‍ത്തനം സംബന്ധിച്ച കേസുകളില്‍ അന്വേഷണ അധികാരം ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളവര്‍ക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ളവര്‍ക്ക് വിട്ടുകൊടുക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ഈ നിയമം വിയോജിക്കുന്നവരുടേയും മാധ്യമസ്വാതന്ത്ര്യത്തിന്റെ വായ മൂടിക്കെട്ടാനാണെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിരപരാധികളായ ആളുകള്‍ ഈ നിയമം കൊണ്ട് ഉപദ്രവിക്കപ്പെടുമെന്ന ആശങ്ക ആര്‍എസ്പി അംഗം എന്‍ കെ പ്രേമചന്ദ്രന്‍ പ്രകടിപ്പിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മെഹുവ മൊയ്ത്ര, അസദുദ്ദീന്‍ ഉവൈസി, എന്‍സിപി അംഗം സുപ്രിയ സുലെ എന്നിവരും ബില്ലിനെ വിമര്‍ശിച്ചിരുന്നു.

Exit mobile version