പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയേണ്ട ഞങ്ങള്‍ക്ക് തന്നോളു; പകരം നിങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം തരാം; ജനശ്രദ്ധ നേടി ഈ മുനിസിപ്പാലിറ്റി

അംബികാപുര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഗാര്‍ബേജ് കഫെ എന്ന പേരില്‍ തുടങ്ങിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്

റായ്പൂര്‍: ഛത്തീസ്ഗഢില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നല്‍ക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ തീരുമാനം. ഛത്തീസ്ഗഢിലെ അംബികാപുര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്. അംബികാപുര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഗാര്‍ബേജ് കഫെ എന്ന പേരില്‍ തുടങ്ങിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

പ്ലാസ്റ്റിക് ഇല്ലാതാക്കുന്നതിനൊപ്പം തെരുവില്‍ ജീവിക്കുന്ന പാവപ്പെട്ടവര്‍ക്കും ആക്രിയും മറ്റും പെറുക്കി ജീവിക്കുന്നവര്‍ക്കും ഈ പദ്ധതി ഏറേ ഗുണം ചെയ്യും. നഗരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതിക്ക് മുനിസിപ്പാലിറ്റി രൂപം നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അംബികാപുര്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഖരമാലിന്യ മാനേജ്‌മെന്റ് വിജയകരമാണ്. ഒരുകിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നല്‍കിയാല്‍ പകരം ഉച്ചഭക്ഷണം സൗജന്യമായി നല്‍കാനും അരക്കിലോ പ്ലാസ്റ്റിക് മാലിന്യം നല്‍കുന്നാള്‍ക്ക് പ്രഭാതഭക്ഷണം സൗജന്യമായി നല്‍കാനുമാണ് പദ്ധതിയെന്ന് അംബികാപുര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അജയ് ടിര്‍കെ വാര്‍ത്താ ഏജന്‍സിയായ
എഎന്‍ഐയോടു പറഞ്ഞു.

മുന്‍സിപ്പാലിറ്റിയുടെ ഗാര്‍ബേജ് കഫേയ്ക്കു വേണ്ടി ആറുലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള രണ്ടാമത്തെ നഗരമാണ് അംബികാപുര്‍.

Exit mobile version