കളക്ടര്‍ക്കെതിരെ ലൈംഗീക പീഡന പരാതിയുമായി യുവതി; കളക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

രാജ്പൂര്‍: ഛത്തീസ്ഗഡില്‍ കളക്ടര്‍ക്കെതിരെ പീഡന പരാതിയുമായി യുവതി. ജഞ്ച്ഗിര്‍ ചമ്പ ജില്ലാ കളക്ടറായിരുന്ന ജെകെ പഥകിനെതിരെയാണ് യുവതിയുടെ പരാതി. കളക്ടര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

ജെകെ പഥക് ജഞ്ച്ഗിര്‍ ചമ്പയില്‍ ജില്ലാ കളക്ടര്‍ ആയിരിക്കവേ മെയ് 15 ന് ഓഫീസ് മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കളക്ടര്‍ പതിവായി അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ വിശദമായ മൊഴി പോലീസ് എടുത്തു.

മൊബൈല്‍ ഫോണിലേക്ക് അയച്ച അശ്ലീല സന്ദേശങ്ങളും യുവതി അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാക്കി. സംഭവത്തില്‍ ഐപിസി 376, 506, 509 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത്് കളക്ടര്‍ക്കെതിരെ കേസെടുത്തു. കേസെടുത്തതിന് പിന്നാലെ കളക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

Exit mobile version