കേന്ദ്രസര്‍ക്കാരും ഗവര്‍ണറും ബിജെപിയും ചേര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിനെ വീഴ്ത്തിയതെന്ന് കെസി വേണുഗോപാല്‍; വോട്ടുചെയ്യാത്ത എംഎല്‍എയെ പുറത്താക്കി ബിഎസ്പി

ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് രാജിവെച്ചതോടെ ജനാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായതെന്ന വാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ രംഗത്ത്. ബിജെപി ഓഫീസിനു മുന്‍പില്‍ പ്രവര്‍ത്തകര്‍ ആഘോഷപ്രകടനം ഇപ്പോഴും തുടരുകയുമാണ്.

ഇതിനിടെ കേന്ദ്ര സര്‍ക്കാരിനും ബിജെപി നേതൃത്വത്തിനും ഗവര്‍ണര്‍ക്കുമെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍, ഗവര്‍ണര്‍ വാജുഭായ് വാല, മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍, ബിജെപി കേന്ദ്ര നേതൃത്വം എന്നിവര്‍ ഒത്തൊരുമിച്ചാണ് കര്‍ണാടകയിലെ ദള്‍-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ വീഴ്ത്തിയത്. ബിജെപിയുടെ അധാര്‍മിക നീക്കത്തിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം നടത്തുമെന്നും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ പറഞ്ഞു.

അതേസമയം, സര്‍ക്കാരിനെ അനുകൂലിച്ച് വോട്ടുചെയ്യാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടും വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന ബിഎസ്പി എംഎല്‍എ എന്‍ മഹേഷിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി നിര്‍ദേശങ്ങള്‍ ലംഘിച്ചതു ഗുരുതരമായ വീഴ്ചയാണെന്നും അതുകൊണ്ടുതന്നെയാണ് അടിയന്തര നടപടിയെന്നും ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചു.

വികസനത്തിന്റെ പുതിയ യുഗം കര്‍ണാടകയില്‍ വരും, വരുംദിനങ്ങളില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നുമാണ് മുഖ്യമന്ത്രി കസേര ഉറപ്പിച്ച യെദ്യൂരപ്പയുടെ പ്രതികരണം.സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും ചര്‍ച്ചചെയ്ത ശേഷം തീരുമാനിക്കുമെന്നു യെദ്യൂരപ്പ പറഞ്ഞു. ബുധനാഴ്ച ബിജെപി നിയമസഭാകക്ഷിയോഗം ചേരും. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷമേ മുംബൈയില്‍ ഹോട്ടലില്‍ തങ്ങുന്ന വിമത എംഎല്‍എമാര്‍ കര്‍ണാടകയിലേക്ക് തിരിച്ചെത്തുകയുള്ളൂ എന്നാണു സൂചന.

Exit mobile version