നിങ്ങളുടെ കക്കൂസ് വൃത്തിയാക്കാനല്ല എന്നെ എംപിയായി തെരഞ്ഞെടുത്തതെന്ന വിവാദ പ്രസ്താവന; പ്രഗ്യാ സിംഗിനെ തള്ളിപ്പറഞ്ഞ് ബിജെപി നേതൃത്വം

കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ വച്ചാണ് പ്രഗ്യ വിവാദ പരാമര്‍ശം നടത്തിയത്.

ന്യൂഡല്‍ഹി: തന്നെ എംപിയായി തെരഞ്ഞെടുത്തത് നിങ്ങളുടെ കക്കൂസ് വൃത്തിയാക്കനല്ലെന്ന പ്രഗ്യ സിംഗ് ഠാക്കൂറിന്റെ പ്രസ്താവനക്കെതിരെ ബിജെപി. ഇത്തരം വിവാദ പരാമര്‍ശങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് പ്രഗ്യയോട് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ നിര്‍ദേശിച്ചു. പ്രഗ്യയെ ബിജെപി ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തിയാണ് നദ്ദ അതൃപ്തി അറിയിച്ചത്. പരാമര്‍ശത്തോട് യോജിപ്പില്ലെന്നും നദ്ദ വ്യക്തമാക്കി.

അഴുക്ക് ചാല്‍ വൃത്തിയാക്കുകയും നിങ്ങളുടെ കക്കൂസ് കഴുകുകയുമല്ല ഞങ്ങളുടെ ജോലി. അതിനല്ല എംപിമാരെ തെരഞ്ഞെടുത്തത് എന്നായിരുന്നു പ്രഗ്യയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ വച്ചാണ് പ്രഗ്യ വിവാദ പരാമര്‍ശം നടത്തിയത്.

നേരത്തെ പ്രഗ്യയുടെ പരാമര്‍ശത്തിന് എതിരെ ബിജെപി പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ കളിയാക്കുന്ന തരത്തിലാണ് പ്രസ്താവനയെന്നാണ് ബിജെപി നേതാക്കള്‍ തന്നെ ആരോപിക്കുന്നത്.

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യ സിംഗ് ഠാക്കൂര്‍, കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ തോല്‍പ്പിച്ചാണ് ഭോപ്പാല്‍ എംപിയായത്.

Exit mobile version