ചന്ദ്രയാന്‍ 2 നാളെ കുതിച്ചുയരും; 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് വൈകീട്ട് ആരംഭിക്കും

ഇന്ന് വൈകീട്ട് 6.43നാണ് ജിഎസ്എല്‍വി മാക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിക്കുന്നത്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചന്ദ്രപര്യവേഷക ഉപഗ്രഹമായ ചന്ദ്രയാന്‍ 2 വിക്ഷേപണം നാളെ ഉച്ചയ്ക്ക് 2.43ന്. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് വൈകീട്ട് ആരംഭിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ ഇന്നലെ രാത്രി പൂര്‍ത്തിയായിരുന്നു. നേരത്തേ ജൂലൈ 15 ന് വിക്ഷേപണം നടത്താനിരുന്ന ചന്ദ്രയാന്‍ 2 സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അവസാന നിമിഷം മാറ്റി വെയ്ക്കുകയായിരുന്നു.

ഇന്ന് വൈകീട്ട് 6.43നാണ് ജിഎസ്എല്‍വി മാക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിക്കുന്നത്. കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും. വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്താനാണ് തീരുമാനം.

മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചാന്ദ്രയാന്‍ 2വിന്റെ ദൗത്യം. ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് അവ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി ലാന്‍ഡിംഗ് മൊഡ്യൂളിന് വിക്രം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ചാന്ദ്രയാന്‍ 2 റോവര്‍ ഇറങ്ങുക. ഇതു വരെ ഒരു ബഹിരാകാശ വാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല.

ചാന്ദ്രയാന്‍ – ഒന്നാം ദൗത്യത്തില്‍ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്.

റോവറിന്റെ പേര് ‘പ്രഗ്യാന്‍’ എന്നാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങി നിരീക്ഷണങ്ങള്‍ നടത്തുകയായിരിക്കും ‘പ്രഗ്യാന്റെ’ ദൗത്യം. ജിഎസ്എല്‍വിയുടെ ഏറ്റവും മികച്ച ലോഞ്ചറുകളിലൊന്നായ മാര്‍ക്ക് – 3 യിലാണ് ചാന്ദ്രയാന്‍ 2 ബഹിരാകാശത്തേയ്ക്ക് കുതിച്ചുയരുക.

Exit mobile version