പാവപ്പെട്ടവന്റെ എസി ട്രെയിന്‍ ഗരീബ് രഥിന്റെ സര്‍വീസ് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്

നേരത്തേ ഈ ട്രെയിനുകളുടെ കോച്ചുകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടിരുന്നു

ന്യൂഡല്‍ഹി: പാവങ്ങളുടെ എസി ട്രെയിന്‍ എന്നറിയപ്പെടുന്ന ഗരീബ് രഥിന്റെ സര്‍വീസ് റെയില്‍വേ നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തേ ഈ ട്രെയിനുകളുടെ കോച്ചുകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളെ ദുരിതത്തിലാക്കി ഇതിന്റെ സര്‍വീസ് നിര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു ഗരീബ് രഥ് ട്രെയിനുകള്‍. കുറഞ്ഞ ചെലവില്‍ എസി യാത്ര നടത്താം എന്നതാണ് ഈ ട്രെയിന്റെ പ്രത്യേകത. എന്നാല്‍ ഘട്ടം ഘട്ടമായി പൂര്‍ണ്ണമായും ഗരീബ് രഥ് സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ട്. അതല്ലെങ്കില്‍ ഇവയെ മെയിലുകളോ എക്സ്പ്രസ് ട്രെയിനുകളോ ആക്കി മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം കത്ഗോദമില്‍ നിന്ന് ജമ്മുവിലേക്കും കാണ്‍പൂരിലേക്കുമുള്ള ഗരീബ് രഥ് സര്‍വീസുകള്‍ ഇതിനോടകം തന്നെ എക്സ്പ്രസ് സര്‍വീസുകളാക്കി മാറ്റിയിരിക്കുകയാണ്. 2006ല്‍ ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന സമയത്താണ് ഗരീബ് രഥ് സര്‍വീസുകള്‍ ആരംഭിച്ചത്.

Exit mobile version