കുല്‍ഭൂഷണ്‍ കേസില്‍ വന്‍വിജയമെന്ന് പാകിസ്താന്റെ ട്വീറ്റ്; വിധി ഇംഗ്ലീഷിലാണ്, അത് മനസിലാകാത്തത് ഇന്ത്യയുടെ കുറ്റമല്ലെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ന്യൂഡല്‍ഹി: ഒടുവില്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ നിന്നും കുല്‍ഭൂഷണ്‍ ജാദവിനും ഇന്ത്യയ്ക്കും വിജയം നേടാനായെങ്കിലും ആ ‘വിജയം സ്വന്തമാക്കി’ പാകിസ്താന്റെ ട്വീറ്റ്. കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാകിസ്താന് വന്‍ വിജയം നേടാനായെന്നായിരുകന്നു പാക് സര്‍ക്കാറിന്റെ ട്വീറ്റ്.

ഇതോടെ ഈ ട്വീറ്റിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്തെത്തി. കോടതി വിധി ഇംഗ്ലീഷിലാണെന്നും അത് അറിയാത്തത് തങ്ങളുടെ കുറ്റമല്ല എന്നായിരുന്നു ഗിരിരാജ് സിങിന്റെ പരിഹാസം.കോടതിയുടെ വിധി വന്നതിനു പിന്നാലെയാണ്, പാക് സര്‍ക്കാരിന്റെ ഔദ്യോഗിക പേജില്‍ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കാനുള്ള ഇന്ത്യയുടെ ആവശ്യം കോടതി തള്ളിയെന്നും ഇത് പാകിസ്താന് വന്‍ വിജയമാണെന്നുമായിരുന്നു ട്വീറ്റ്. ”അത് ഞങ്ങളുടെ കുറ്റമല്ല, വിധി പ്രസ്താവിച്ചത് ഇംഗ്ലീഷിലായിപ്പോയി” എന്നായിരുന്നു ഗിരിരാജ് സിങിന്റെ മറുപടി ട്വീറ്റ്.

ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ സൈനിക കോടതി ജാദവിന് വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്നാണ് ഐസിജെ ഉത്തരവില്‍ പറയുന്നത്. ജാദവിന് നയതന്ത്രതല സഹായത്തിന് അനുമതി നല്‍കണമെന്നും ഏകപക്ഷീയമായി പാകിസ്താന്‍ വിധി പ്രസ്താവിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

ജാദവിന്റെ കാര്യത്തില്‍ പാകിസ്താന്‍ വിയന്ന ഉടമ്പടി പാലിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നിയമസഹായം നല്‍കാന്‍ കൗണ്‍സുലേറ്റിനെ അനുവദിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്. ഇതോടെ, വധശിക്ഷ പുനഃപരിശോധിക്കണമെന്ന് പാകിസ്താനോട് അന്താരാഷ്ട്ര കോടതി നിര്‍ദേശിക്കുകയായിരുന്നു.

Exit mobile version