കുല്‍ഭൂഷണ്‍ ജാദവ് കേസിലെ വിധി ഇന്ത്യയുടെ വന്‍വിജയം; അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയില്‍ പ്രതികരിച്ച് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ത്യയുടെ വന്‍വിജയമെന്ന് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വിധി സ്വാഗതം ചെയ്യുന്നുവെന്നും സുഷമ സ്വരാജ് ട്വീറ്ററില്‍ കുറിച്ചു.

ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാന്‍ മുന്നില്‍നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും കേസ് വിജയകരമായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അവതരിപ്പിച്ചതിന് ഹരിഷ് സാല്‍വയോടും നന്ദി പറയുന്നതായും സുഷമ കുറിച്ചു.

അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് ഇന്ന് കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കുല്‍ഭൂഷണിനെതിരേ ചാരവൃത്തിയാരോപിച്ച് പാകിസ്താന്‍ പട്ടാളക്കോടതി 2017 ഏപ്രിലിലാണ് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നും പാകിസ്താനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. കേസിലെ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി മാനിക്കുന്നുവെന്ന് വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നും പാകിസ്താന്‍ പ്രതികരിച്ചു .

Exit mobile version