രക്ഷിതാക്കൾ എന്നും വഴക്കാണ്; ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കണം; രാഷ്ട്രപതിക്ക് കത്തെഴുതി പതിനഞ്ചുകാരൻ

ഭഗൽപുർ: രക്ഷിതാക്കൾ തമ്മിൽ വഴക്ക് പതിവായതോടെ മനംനൊന്ത് ജീവിതം അവസാനിപ്പിക്കാൻ അനുമതി തേടി 15 വയസ്സുകാരൻ. ജാർഖണ്ഡിൽ നിന്നുള്ള 15കാരൻ ഈ ആവശ്യവുമായി രാഷ്ട്രപതിക്ക് കത്തെഴുതിയിരിക്കുകയാണ്. കുട്ടിയുടെ പിതാവ് ഗ്രാമവികസന വകുപ്പിൽ ജീവനക്കാരനാണെന്നും അമ്മ ബിഹാറിലെ പാട്‌നയിലെ ബാങ്കിൽ അസിസ്റ്റന്റ് മാനേജറുമാണെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

ഭഗൽപുർ ജില്ലാ ഭരണകർത്താക്കൾ കത്ത് ലഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വിവരം അറിയിച്ചു. രണ്ട് മാസം മുൻപ് അയച്ചതാണ് കത്ത് എന്നാണ് വിവരം. വിഷയത്തിൽ അന്വേഷണം നടത്തുകയും എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുകയും വേണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ ഓഫീസിൽ നിന്ന് പിഎം ഓഫിസിലേക്ക് കത്ത് അയച്ചതിനെ തുടർന്നാണ് നടപടി.

വിവിധ സ്ഥലങ്ങളിലായി ബാല്യം ചെലവഴിച്ച കുട്ടി, മുത്തച്ഛനൊപ്പമായിരുന്നു കുറച്ചുകാലം താമസിച്ചിരുന്നത്. ഇപ്പോൾ അച്ഛനോടൊപ്പമാണ് കുട്ടിയെന്നാണ് വിവരം. മുത്തച്ഛനും ബന്ധുക്കളും കുട്ടിയുടെ അമ്മയെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും വിവാഹേതര ബന്ധത്തിന്റെ പേരിൽ രക്ഷിതാക്കൾ തമ്മിൽ കേസ് നൽകിയതുമാണ് കുട്ടിയെ വേദനിപ്പിച്ചത്. അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് സ്ഥിരം കാണുന്നുണ്ടെന്നും ഇത് തന്റെ പഠനത്തെ ബാധിക്കുകയാണെന്നും കത്തിൽ കുട്ടി എഴുതിയിട്ടുണ്ട്.

അമ്മയുടെ പേരിൽ അർബുദ രോഗിയായ അച്ഛനെ ചിലർ ഉപദ്രവിക്കുകയും പരിഹസിക്കുകയും ചെയ്‌തെന്നും ഇങ്ങനെ ജീവിക്കുന്നതിൽ താൽപര്യമില്ലെന്നും ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നുമാണ് കത്തിലൂടെ കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

Exit mobile version