കര്‍ണാടക സര്‍ക്കാര്‍ വാഴുമോ? നിര്‍ണായക സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ 15 വിമത എംഎല്‍എമാരുടെ കൂട്ടരാജിയില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് എംഎല്‍എമാര്‍ പരമോന്നത കോടതിയോട് ആവശ്യപ്പെടുന്നത്. രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ കോടതി ഹര്‍ജിയില്‍ വിധി പറയുന്നതോടെ കുമാരസ്വാമി സര്‍ക്കാരിന്റെ വിധിയും നിര്‍ണയിക്കപ്പെടും.

അതേസമയം, എംഎല്‍എമാരുടെ രാജിയിലോ, അയോഗ്യതയിലോ നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നാണ് സ്പീക്കര്‍ കോടതിയില്‍ വാദിച്ച പ്രധാന വാദങ്ങളിലൊന്ന്. ഇതിന് മറുപടിയായി രാജിവെക്കുക എന്ന മൗലിക അവകാശം സംരക്ഷിക്കണം എന്ന് വിമത എംഎല്‍എമാരും ആവശ്യപ്പെട്ടു. സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിക്കാതെ കോടതിയുടെ അധികാരപരിധിയെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണെന്ന് ഇന്നലെ കേസില്‍ വാദം കേള്‍ക്കവെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

ജൂലായ് ആറിന് എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയിട്ടും സ്പീക്കര്‍ ഒരു നടപടിയും എടുത്തിട്ടില്ല. നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് എംഎല്‍എമാര്‍ക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. എന്തുകൊണ്ടാണ് സ്പീക്കര്‍ തീരുമാനം എടുക്കാതിരുന്നത് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഇന്നത്തെ കോടതി തീരുമാനം ഏറെ നിര്‍ണായകമാകും.

Exit mobile version