കര്‍ണാടക പ്രതിസന്ധി; വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ പ്രസ്താവിക്കും

അയോഗ്യതയില്‍ നിന്നു രക്ഷപെടാനാണ് എംഎല്‍എമാര്‍ രാജിക്കത്തു നല്‍കിയതെന്ന് സ്പീക്കര്‍ക്കു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വിയും മന്ത്രിമാരാവാനാണ് രാജിയെന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ രാജീവ് ധവാനും വാദത്തിനിടെ ചൂണ്ടിക്കാട്ടി

ന്യൂഡല്‍ഹി; കര്‍ണാടകാ സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് പരാതിപ്പെട്ട് വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. രാജിക്കാര്യം സംബന്ധിച്ച് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികളില്‍ നാളെ 10.30ന് വിധി പ്രസ്താവിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

അയോഗ്യതയില്‍ നിന്നു രക്ഷപെടാനാണ് എംഎല്‍എമാര്‍ രാജിക്കത്തു നല്‍കിയതെന്ന് സ്പീക്കര്‍ക്കു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വിയും മന്ത്രിമാരാവാനാണ് രാജിയെന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ രാജീവ് ധവാനും വാദത്തിനിടെ ചൂണ്ടിക്കാട്ടി. രാജിയുടെ കാര്യത്തിലും, അയോഗ്യതയുടെ കാര്യത്തിലും ഒരുമിച്ച് തീരുമാനം എടുക്കണമെന്നും ധവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വന്തം താത്പര്യ പ്രകാരമാണ് വിമത എംഎല്‍എമാര്‍ രാജിവച്ചതെന്ന് എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി കോടതിയില്‍ പറഞ്ഞു.

വിമത എംഎല്‍എമാര്‍ക്ക് ബിജെപിയിലേക്ക് കൂറ് മാറണം എന്ന് ഇല്ല. രാജി വച്ച് ജനങ്ങളിലേക്ക് മടങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നേ ഉള്ളു. അയോഗ്യരാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും റോത്തഗി പറഞ്ഞു. രാജിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആര്‍ക്കും സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയില്ല. എംഎല്‍എ എന്ന നിലയില്‍ ഉള്ള കടമകള്‍ തുടര്‍ന്നും നിര്‍വഹിക്കാന്‍ എന്റെ കക്ഷികള്‍ക്ക് താത്പര്യം ഇല്ലെന്നും റോത്തഗി പറഞ്ഞു.

രാജി കത്തും, അയോഗ്യത സംബന്ധിച്ച കാര്യങ്ങളും തമ്മില്‍ കൂട്ടി കുഴയ്ക്കാന്‍ ആകില്ല. സ്പീക്കര്‍ രാജി കത്തിന്റെ കാര്യത്തില്‍ ആദ്യം തീരുമാനം എടുക്കണമെന്നും റോത്തഗി ആവശ്യപ്പെട്ടു. പുതുതായി സുപ്രീം കോടതിയെ സമീപിച്ച അഞ്ച് എംഎല്‍മാരും രാജി വച്ചിട്ടുണ്ടെന്നും റോത്തഗി കോടതിയെ അറിയിച്ചു.

സുപ്രീം കോടതിയെ സമീപിച്ച 15 എംഎല്‍എ മാരുടെയും രാജി അംഗീകരിച്ചാല്‍, കുമാരസ്വാമി സര്‍ക്കാരിന് തുടരാന്‍ കഴിയില്ലെന്നും അതിന് മുമ്പ് പുതിയ വിപ്പ് നല്‍കി എംഎല്‍എമാരെ അയോഗ്യര്‍ ആക്കാന്‍ ആണ് ശ്രമമെന്നും റോത്തഗി പറഞ്ഞു.

അതെസമയം വിപ്പ് ലംഘിച്ചാല്‍ അയോഗ്യത കല്‍പിക്കാം. അത് സ്പീക്കറുടെ ഭരണഘടനപരമായ കടമയാണെന്ന് സ്പീക്കര്‍ക്കു വേണ്ടി ഹാജരായ സിംങ്വി പറഞ്ഞു. അയോഗ്യത സംബന്ധിച്ച എല്ലാ നടപടികളും ആരംഭിച്ചത് രാജി കത്തുകള്‍ ലഭിക്കുന്നതിന് മുമ്പാണെന്നും സിംഗ്വി വ്യക്തമാക്കി.

ഭരണഘടന അനുചേദം 191 പ്രകാരം അയോഗ്യത സംബന്ധിച്ച അപേക്ഷ ലഭിച്ചാല്‍ ഉടന്‍ അതില്‍ സ്പീക്കര്‍ക്ക് അന്വേഷണം നടത്തേണ്ടത് ഉണ്ട്. അതില്‍ ആദ്യ നടപടി സ്പീക്കര്‍ക്ക് മുന്നി ഹാജര്‍ ആകാന്‍ എംഎല്‍എയോട് ആവശ്യപ്പെടുക എന്നതാണ്. ആ നടപടിയാണ് ഇവിടെ നടക്കുന്നത്. അതിന് ഇടയില്‍ ആണ് രാജി കത്ത് ലഭിക്കുന്നതെന്ന് സ്വിംങ്വി പറഞ്ഞു.

അയോഗ്യതയില്‍ നിന്ന് രക്ഷപെടാന്‍ ഉള്ള ഒരു മാര്‍ഗ്ഗം ആയി രാജി കത്തുക്കള്‍ മാറാന്‍ പാടില്ല. അയോഗ്യരാക്കണം എന്ന അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ സ്പീക്കര്‍ക്ക് കോടതി അനുമതി നല്‍കണം. സ്പീക്കര്‍ എടുക്കുന്ന തീരുമാനത്തെ ജുഡീഷ്യല്‍ റിവ്യൂ ചെയ്യാന്‍ കോടതിക്ക് അധികാരം ഉണ്ട്. അതാണ് കോടതി ചെയ്യേണ്ടതെന്നും സ്വിംങ് പറഞ്ഞു.

രാജിക്കാര്യത്തില്‍ ജൂലൈ 12 ലെ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവ് നീക്കിയാല്‍ രാജി കാര്യത്തിലും അയോഗ്യത സംബന്ധിച്ച കാര്യത്തിലും നാളെ തന്നെ തീരുമാനം എടുക്കാമെന്ന് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ സ്വംങി പറഞ്ഞു.

അതെസമയം, എംഎല്‍എമാരുടെ രാജി കത്ത് സ്വമേധയ സമ്മര്‍ദ്ധങ്ങള്‍ക്ക് വിധേയം അല്ല എങ്കില്‍ സ്പീക്കര്‍ അവ അംഗീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ സ്പീക്കറുടെ വിവേചന അധികാരത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരം ഇല്ലെന്ന് സ്വിംങി വ്യക്തമാക്കി.

എല്ലാ രാജി കത്തുകളും ലഭിച്ചത് ജൂലൈ 11 ന് ആണെന്നും, അയോഗ്യത നപടികള്‍ ആരംഭിക്കുന്നത് അതിന് മുമ്പാണെന്നും സ്വിംങി പറഞ്ഞു. വിമത എംഎല്‍എമാരുടെ രാജി കത്തിലും, അവരെ അയോഗ്യര്‍ ആക്കണം എന്ന ആവശ്യത്തിലും തീരുമാനം എടുക്കാന്‍ സ്പീക്കര്‍ക്ക് അനുമതി നല്‍കണം എന്ന് സ്വിംങി ആവശ്യപ്പെട്ടു.

മന്ത്രിമാര്‍ ആകുക എന്നത് മാത്രമാണ് രാജി വച്ച എംഎല്‍എമാരുടെ ഏക ലക്ഷ്യമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിക്ക് വേണ്ടി ഹാജരായ ധവാന്‍ പറഞ്ഞു. ഈ കേസ് സുപ്രീം കോടതിയും സ്പീക്കറും തമ്മില്‍ ഉള്ളത് അല്ല. മുഖ്യമന്ത്രിയും, വളഞ്ഞ വഴിയില്‍ മുഖ്യമന്ത്രിയും ആകാന്‍ ശ്രമിക്കുന്ന വ്യക്തിയും തമ്മില്‍ ഉള്ളതാണെന്നും ധവാന്‍ പറഞ്ഞു. വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ കോടതി ഇടപെടാന്‍ പാടില്ലായിരുന്നുവെന്നും ധവാന്‍ സൂചിപ്പിച്ചു.

സ്പീക്കര്‍ തീരുമാനം എടുക്കുന്നതിനുള്ള നടപടികളില്‍ ഇടപെടാന്‍ സുപ്രീംകോടതിക്ക് ഒരു അധികാരവും ഇല്ല. എടുത്ത നടപടികളുടെ സാധുത പരിശോധിക്കാന്‍ ഉള്ള അധികാരം മാത്രമാണ് കോടതിക്ക് ഉള്ളത്.
ജൂലൈ 12 ന് തല്‍സ്ഥിതി തുടരാന്‍ ഇട്ട ഉത്തരവ് ഭേദഗതി ചെയ്യണം. തല്‍സ്ഥിതി ആണെങ്കില്‍ എല്ലാം സങ്കീര്‍ണ്ണം ആകുമെന്നും ധവാന്‍ പറഞ്ഞു. കേസില്‍ വിശദമായി വാദം കേട്ട കോടതി, വിധി നാളെ പ്രസ്താവിക്കുമെന്ന് അറിയിച്ചു.

Exit mobile version