അയോധ്യ തര്‍ക്ക ഭൂമി കേസ്; മധ്യസ്ഥ ചര്‍ച്ചയുടെ ഇടക്കാല റിപ്പോര്‍ട്ട് വ്യാഴാഴ്ചയ്ക്ക് അകം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി; ചര്‍ച്ച ഫലപ്രദം അല്ലെങ്കില്‍ ജൂലൈ 25 മുതല്‍ അപ്പീലുകളില്‍ വാദം കേള്‍ക്കുമെന്നും കോടതി

തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമോ എന്ന കാര്യം വ്യക്തമാക്കാനും കോടതി മധ്യസ്ഥ സമിതിയോട് നിര്‍ദേശിച്ചു.

ന്യൂഡല്‍ഹി; അയോധ്യ തര്‍ക്ക ഭൂമി കേസില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയുടെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി. മധ്യസ്ഥ ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ഖലീഫുള്ളയോടാണ് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് ഇക്കാര്യം നിര്‍ദേശിച്ചത്.

തര്‍ക്കം പരിഹരിക്കാന്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഇല്ലെന്നും, അതിനാല്‍ അപ്പീലുകളില്‍ വാദം കേള്‍ക്കണം എന്നും ഉള്ള, കേസിലെ ഹര്‍ജിക്കാരനായ ഗോപാല്‍ സിംഗിന്റെ ആവശ്യം പരിഗണിക്കവേയാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശം.

മധ്യസ്ഥ ചര്‍ച്ചക്ക് ഉള്ള സമിതി രൂപീകരിച്ചത് ഞങ്ങളാണെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ചര്‍ച്ചയുടെ പുരോഗതി എന്തെന്ന് അറിയണമെന്നും വ്യാഴാഴ്ചയ്ക്ക് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമോ എന്ന കാര്യം വ്യക്തമാക്കാനും കോടതി മധ്യസ്ഥ സമിതിയോട് നിര്‍ദേശിച്ചു.

മധ്യസ്ഥ ചര്‍ച്ച ഫലപ്രദം അല്ല സമിതി വ്യക്തമാക്കിയാല്‍ ജൂലൈ 25 മുതല്‍ ഭരണഘടന ബെഞ്ച് അപ്പീലുകളില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.

Exit mobile version