വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ ജാതിപ്പേരും കുടുംബപ്പേരും; 1457 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി പോലീസ്

ഓപ്പറേഷന്‍ ക്ലീന്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലുള്ള വാഹനങ്ങള്‍ കുടുങ്ങിയത്

നോയിഡ: വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ ജാതിപ്പേരും കുടുംബപ്പേരും ചേര്‍ത്തവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി നോയിഡ പോലീസ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റില്‍ ജാതിപ്പേര് ചേര്‍ത്തതിന് 1457 വാഹനങ്ങള്‍ക്കാണ് പോലീസ് പിഴ ചുമത്തിയത്. സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

നോയിഡയിലും ഗ്രേറ്റര്‍ നോഡിയയിലുമായാണ് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. നമ്പര്‍ പ്ലേറ്റില്‍ ജാതിപ്പേര് അടയാളങ്ങള്‍ കുടുംബപ്പേരുമൊക്കെ ചേര്‍ത്തവര്‍ക്ക് എതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ചിലര്‍ ഇതിന് പുറമെ മതവും ജോലിയുമൊക്കെ നമ്പര്‍ പ്ലേറ്റില്‍ രേഖപ്പെടുത്തുകയും ഇതുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഒട്ടിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി. ഇത്തരത്തില്‍ പിടിച്ചെടുത്ത വാഹന ഉടമകളില്‍നിന്ന് പോലീസ് കനത്ത തുക പിഴയായി ഈടാക്കിയിട്ടുണ്ട്.

ഓപ്പറേഷന്‍ ക്ലീന്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലുള്ള വാഹനങ്ങള്‍ കുടുങ്ങിയത്. 1457 വാഹനങ്ങളില്‍ 977 എണ്ണം ഇരുചക്രവാഹനങ്ങളും 480 എണ്ണം വലിയ വാഹനങ്ങളുമാണ്. ജാതി, മതം, ജോലി, രാഷ്ട്രീയം എന്നിവ നമ്പര്‍ പ്ലേറ്റില്‍ രേഖപ്പെടുത്തിയതിന് മാത്രം നൂറിലധികം പേര്‍ക്കെതിരെയാണ് പോലീസ് നടപടി എടുത്തിരിക്കുന്നത്.

Exit mobile version