വികസനത്തിനാവശ്യമായ തുക അനുവദിക്കുന്നില്ല; കേന്ദ്രസര്‍ക്കാരിനെതിരെ ലോക്സഭയില്‍ ബിജെപി എംപിമാര്‍

ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള എംപിമാരായ ഇരുവരും തങ്ങളുടെ മണ്ഡലത്തില്‍ ടൂറിസം വികസനത്തിനാവശ്യമായ തുക അനുവദിക്കുന്നില്ലെന്ന പരാതിയാണ് സഭയില്‍ ഉന്നയിച്ചത്.

ന്യൂഡല്‍ഹി: ലോക്സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപിമാരായ രാജീവ് പ്രതാപ് റൂഡിയും ഹേമമാലിനിയും രംഗത്ത്. ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള എംപിമാരായ ഇരുവരും തങ്ങളുടെ മണ്ഡലത്തില്‍ ടൂറിസം വികസനത്തിനാവശ്യമായ തുക അനുവദിക്കുന്നില്ലെന്ന പരാതിയാണ് സഭയില്‍ ഉന്നയിച്ചത്.

ബീഹാര്‍ ഇക്കോ ടൂറിസം പദ്ധതിയോട് കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്ന് പറഞ്ഞ റൂഡി സോണ്‍പൂര്‍ കന്നുകാലി വിപണനമേളയുടെ വികസനത്തിനായി പണം അനുവദിക്കണമെന്ന തന്റെ അപേക്ഷകള്‍ കേന്ദ്ര ടൂറിസം മന്ത്രാലയം തള്ളിക്കളഞ്ഞതായും സഭയില്‍ പറഞ്ഞു. എട്ട് സംസ്ഥാനങ്ങള്‍ക്ക് ഇക്കോ ടൂറിസം പദ്ധതിക്കായി 500 കോടി രൂപ വീതം നല്‍കിയപ്പോള്‍ ബിഹാറിന് ചില്ലിക്കാശ് കിട്ടിയില്ലെന്ന് റൂഡി പറഞ്ഞു.

മധുര വൃന്ദാവനില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്ന് ഹേമമാലിനിയും പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കൃഷ്ണ സര്‍ക്യൂട്ടിന് കീഴില്‍ വരുന്ന പദ്ധതിയാണിത്. രാജീവ് പ്രതാപ് റൂഡി ബിഹാറിലെ സരണില്‍ നിന്നും ഹേമമാലിനി യുപിയിലെ മഥുരയില്‍ നിന്നുമുള്ള എംപിമാരാണ്. റൂഡിയ്ക്കും ഹേമമാലിനിക്കും പ്രതിപക്ഷ ബഞ്ചുകളില്‍ നിന്ന് പിന്തുണ കിട്ടി. അവര്‍ ഡസ്‌കില്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

Exit mobile version