മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധി ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും

രാജ്യത്ത് മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന പരാമര്‍ശത്തിനെതിരെയാണ് പൂര്‍ണേഷ് മോദി കേസ് നല്‍കിയത്

ന്യൂഡല്‍ഹി: മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരെന്ന പരാമര്‍ശം നടത്തിയ രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും. രാജ്യത്ത് മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന പരാമര്‍ശത്തിനെതിരെയാണ് പൂര്‍ണേഷ് മോദി കേസ് നല്‍കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ ഈ വിവാദപരാമര്‍ശം. അതേസമയം ഇതേ പരാമര്‍ശത്തിന് ബിഹാര്‍ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ പാട്‌ന കോടതി രാഹുലിന് നേരത്തേ ജാമ്യം നല്‍കിയിരുന്നു. ഏപ്രില്‍ പതിമൂന്നിന് രാഹുല്‍ നടത്തിയ പ്രസംഗത്തില്‍ നീരവ് മോദിയെയും ലളിത് മോദിയെയും നരേന്ദ്ര മോഡിയെയും പേരെടുത്താണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്.

‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോഡി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ നമ്മുടെ രാജ്യത്ത് വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല’ എന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞത്.

Exit mobile version