പനീര്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് ചിക്കന്‍; ഹോട്ടലിനും സൊമാറ്റോയ്ക്ക് 55,000 രൂപ പിഴ വിധിച്ച് കോടതി

45 ദിവസത്തിനുള്ളില്‍ പിഴ അടക്കണമെന്നാണ് കോടതി ഉത്തരവ്

പൂനെ: ഓണ്‍ലൈന്‍ ഫുഡ് ആപ്പായ സൊമാറ്റയിലൂടെ പനീര്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഉപഭോക്താവിന് കിട്ടിയത് ചിക്കന്‍. ഇതേ തുടര്‍ന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത അഭിഭാഷകനായ ഷണ്‍മുഖ ദേശ്മുഖ് നല്‍കിയ പരാതിയെ തുടര്‍ന്ന് സൊമാറ്റോക്കും പൂനെയിലെ റസ്റ്റോറന്റിനും 55,000 രൂപ പിഴ വിധിച്ചു. 45 ദിവസത്തിനുള്ളില്‍ പിഴ അടക്കണമെന്നാണ് കോടതി ഉത്തരവ്.

ഷണ്‍മുഖ് ദേശ്മുഖ് പനീര്‍ ബട്ടര്‍ ആയിരുന്നു ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ചിക്കന്‍ വിഭവമാണ് സൊമാറ്റോ ഡെലിവറി ചെയ്തത്. ഭക്ഷണം തിരിച്ചറിയാന്‍ കഴിയാതെ ഷണ്‍മുഖ് ഇതു കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് മറ്റൊരു ദിവസം ഓര്‍ഡര്‍ ചെയ്തപ്പോള്‍ വീണ്ടും ചിക്കന്‍ വിഭവമാണ് നല്‍കിയത്. ഇതേ തുടര്‍ന്നാണ് ഷണ്‍മുഖ് കോടതിയെ സമീപിച്ചത്.

അതേസമയം പരാതിക്കാരന്‍ തങ്ങളുടെ കമ്പനിയെ അപമാനിക്കാനാണ് ശ്രമിക്കുന്നത് എന്ന് കോടതിയില്‍ സൊമാറ്റോ വാദിച്ചു. ഭക്ഷണത്തിന്റെ പണം പരാതിക്കാരന് തിരിച്ച് നല്‍കിയിട്ടുണ്ടെന്നും സൊമാറ്റോ കോടതിയില്‍ വാദിച്ചു. ഹോട്ടലിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവിനു കമ്പനിയെ കുറ്റപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ ഭക്ഷണം തെറ്റായി നല്‍കിയ സംഭവത്തില്‍ സൊമാറ്റോയ്ക്കും ഹോട്ടലിനും ഒരുപോലെ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ കോടതി ഇരുവര്‍ക്കും പിഴ വിധിക്കുകയായിരുന്നു.

Exit mobile version