യൂണിഫോമും ബുക്കുകളും മാത്രമല്ല, കുട്ടികള്‍ക്ക് വിമാനയാത്രയും സൗജന്യമായി ഒരുക്കി ഈ സര്‍ക്കാര്‍ സ്‌കൂള്‍!

ഒരിക്കലെങ്കിലും വിമാനത്തില്‍ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്ത കുട്ടികള്‍ ഉണ്ടാവില്ല.

കോയമ്പത്തൂര്‍: എത്രയൊക്കെ വളര്‍ച്ചയാണെന്നു പറഞ്ഞാലും സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ വിടാന്‍ എന്നും മാതാപിതാക്കള്‍ക്ക് ഒരു കുറച്ചിലാണ്. സ്റ്റാറ്റസിന് ഇടിവ് തട്ടുമെന്ന ചിന്താഗതിയാണ് ഇതിനു പിന്നില്‍. എന്നാല്‍ തങ്ങള്‍ അതുക്കും മേലെയെന്ന് തെളിയിച്ചിരിക്കുകയാണ് കാരമടയിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍. ഇവിടെ കുട്ടികള്‍ക്ക് സൗജന്യ ബസ്-ഓട്ടോ യാത്ര, യൂണിഫോം മാത്രമല്ല സൗജന്യമായി വിമാന യാത്ര തന്നെ ഒരുക്കിയിരിക്കുകയാണ്.

ഒരിക്കലെങ്കിലും വിമാനത്തില്‍ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്ത കുട്ടികള്‍ ഉണ്ടാവില്ല. ഇവിടെ പഠിച്ചാല്‍ കുട്ടികളുടെ വലിയ മോഹമാണ് പൂവണിയാന്‍ പോകുന്നതെന്ന് അധികൃതര്‍ പറയുന്നു. കന്നാര്‍പാളയം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കാണ് വിമാന യാത്രയ്ക്ക് അവസരം ലഭിച്ചത്.
എന്നാല്‍ ഇതിനു പിന്നില്‍ കുട്ടികളെ സ്‌കൂളിലേയ്ക്ക് കൊണ്ടുവരിക എന്ന മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ കുറയുമ്പോള്‍ കൂടുതല്‍പേരെ ആകര്‍ഷിക്കാനാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമെന്ന് സംഘാടകരിലൊരാളായ എസ് രാമചന്ദ്രന്‍ പറയുന്നു.

കൂടാതെ കുട്ടികളിലെ പരീക്ഷാപ്പേടി അകറ്റാനും ഉല്ലാസ അന്തരീക്ഷം ഒരുക്കുവാനും ഈ യാത്ര സഹായിക്കുമെന്നും അധികൃതര്‍ പറയുന്നു. സ്‌കൂളിലെ 22 പെണ്‍കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെട്ട ആദ്യസംഘം ജൂണ്‍ 29ന് കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്ക് വിമാനയാത്ര നടത്തി. 28 ആണ്‍കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടുന്ന രണ്ടാമത്തെസംഘം ശനിയാഴ്ചയായിരിക്കും ചെന്നൈയിലേയ്ക്ക് പോവുക. ഹയര്‍സെക്കന്ററി കുട്ടികള്‍ക്കാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്.

ബിര്‍ളാ പ്ലാനറ്റോറിയം, അണ്ണാ സ്‌ക്വയര്‍, മറീന ബീച്ച്, അണ്ണാ സെന്റിനറി ലൈബ്രറി, ഗിണ്ടി സ്‌നേക്ക് പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളാണ് ഇവര്‍ സന്ദര്‍ശിച്ചത്. തിരിച്ചുള്ള മടക്കം ബസിലാണ്. രണ്ടാമത്തെ സംഘത്തിന് മെട്രോ തീവണ്ടിയാത്രയ്ക്കും അവസരമുണ്ട്. രാജലക്ഷ്മി സാമപ്പ ട്രസ്റ്റ് സ്ഥാപകനും പിടിഎ പ്രസിഡന്റുമായ എസ് ജ്ഞാനശേഖരനാണ് സൗജന്യ വിമാനയാത്രയ്ക്ക് അവസരമൊരുക്കിയത്. ഒരാള്‍ക്ക് 6,000 രൂപയാണ് ചെലവ് വരുന്നത്.

Exit mobile version