ബ്രീഫ്‌കേയ്‌സിന് വിട; ബ്രിട്ടീഷ് കാലത്തെ രീതിയെ ചവറ്റുകുട്ടയിലിട്ട് നിര്‍മ്മല സീതാരാമന്‍;ബജറ്റ് സൂക്ഷിച്ചത് അശോകചക്രം പതിപ്പിച്ച ബഹി ഖാതയില്‍

മുന്‍ഗാമികളുടെ രീതിയെ പിന്തുടരാതെ തനതായ രീതി സ്വീകരിച്ചാണ് നിര്‍മ്മല സീതാരാമന്‍ വ്യത്യസ്തയായത്.

ന്യൂഡല്‍ഹി: ബ്രിട്ടീഷ് കാലം മുതല്‍ തുടരുന്ന ബ്രീഫ്‌കേയ്‌സ് സംസ്‌കാരത്തെ അപ്പാടെ ഉപേക്ഷിച്ച് കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. രണ്ടാം മോഡി സര്‍ക്കാരിന്റേയും തന്റേയും ആദ്യ ബജറ്റ് പാര്‍ലമെന്റില്‍ എത്തിച്ചതിലും മുന്‍ഗാമികളുടെ രീതിയെ പിന്തുടരാതെ തനതായ രീതി സ്വീകരിച്ചാണ് നിര്‍മ്മല സീതാരാമന്‍ വ്യത്യസ്തയായത്. ഇന്ത്യന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിമാരെല്ലാം ബജറ്റ് കൊണ്ടു വന്നിരുന്നത് ബ്രീഫ്‌കേയ്‌സുകളിലായിരുന്നു. പാര്‍ലമെന്റിലേക്ക് എത്തുമ്പോള്‍ ബ്രീഫ്‌കേയ്‌സ് ഉയര്‍ത്തിക്കാണിക്കുന്നത് ഒരു ചടങ്ങുപോലെ തുടര്‍ന്നു വന്നിരുന്നതുമാണ്. എന്നാല്‍ ഈ ഐക്കോണിക് ബ്രീഫ്‌കേസ് പോസിന് മുതിരാതെ വ്യത്യസ്തയായിരിക്കുകയാണ് നിര്‍മ്മല.

ഈ ബ്രിട്ടീഷ് കാലത്തെ രീതിയെ ഉപേക്ഷിച്ച് ചുവപ്പ് തുണി കൊണ്ട് പൊതിഞ്ഞെടുത്ത് ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോകചക്രം പതിപ്പിച്ചാണ് ബജറ്റ് ധനമന്ത്രി ലോകസഭയിലെത്തിച്ചത്.

ബഹി ഖാത എന്ന ഈ ഇന്ത്യന്‍ രീതിയെയാണ് മന്ത്രി പിന്തുടര്‍ന്നത്. വിശുദ്ധഗ്രന്ഥങ്ങള്‍ ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ പുരാതന കാലം മുതല്‍ പിന്തുടരുന്ന രീതിയാണ് ഈ തുണി സഞ്ചി അഥവാ ബഹി ഖാത.
‘ ഇത് ഇന്ത്യന്‍ രീതിയാണ്. ചിന്തകളില്‍ പോലുമുള്ള പാശ്ചാത്യ അടിമത്തത്തില്‍ നിന്നുള്ള മോചനമാണിത്. ഇത് ബജറ്റല്ല, ബഹി ഖാതയാണ്(വിശുദ്ധ ഗ്രന്ഥം). മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രമണ്യന്‍ പറയുന്നതിങ്ങനെ.

‘ലെതര്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ പ്രധാന ചടങ്ങുകളില്‍ ഉപയോഗിക്കുന്നത് ശുഭകരമല്ലെന്നാണ് നിര്‍മ്മല സീതാരാമന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ലെതര്‍ ഒഴിവാക്കി അവര്‍ ബഹി ഖാത സ്വീകരിച്ചത്. ഇത് ഐശ്വര്യം നിറഞ്ഞതാണ്. ധനകാര്യമന്ത്രി യുകെയില്‍ ജോലി ചെയ്തയാളാണ്. അവര്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് അറിയാം’. നമ്മള്‍ അവരുടെ തീരുമാനത്തെ അഭിനന്ദിക്കണമെന്നും കൃഷ്ണമൂര്‍ത്തി സുബ്രമണ്യന്‍ പറഞ്ഞു.

ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പുള്ള ഹല്‍വ ചടങ്ങില്‍ വെച്ച് റിബ്ബണ്‍ മുറിക്കുന്ന രീതിയും നിര്‍മ്മല സീതാരാമന്‍ ഉപേക്ഷിച്ചിരുന്നു. ബജറ്റിന് മുകളിലെ റിബ്ബണ്‍ മുറിക്കാതെ അഴിച്ചെടുക്കുകയാണ് അവര്‍ ചെയ്തത്. ശുഭകാര്യങ്ങള്‍ക്ക് മുമ്പ് റിബ്ബണ്‍ മുറിക്കുന്നത് ശുഭകരമല്ലെന്ന മന്ത്രിയുടെ വിശ്വാസത്തെ തുടര്‍ന്നാണിത്.

Exit mobile version