കനത്ത മഴയില്‍ വിറങ്ങലിച്ച് മുംബൈ; മരണ സംഖ്യ 42, ഗതാഗത സംവിധാനങ്ങള്‍ താറുമാറായി

അടുത്ത രണ്ട് ദിവസം കൂടി മുംബൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്

മുംബൈ: കനത്ത മഴയില്‍ വിറങ്ങലിച്ച് മുംബൈ നഗരം. മഴയെ തുടര്‍ന്ന് വിവിധ ഇടങ്ങളിലായി ഉണ്ടായ അപകടങ്ങളില്‍ ഇതുവരെ മരിച്ചത് 42 പേരാണ്. കനത്ത മഴ കാരണം ഗതാഗത സംവിധാനം ആകെ താറുമാറായി കിടക്കുകയാണ്. ഇതേ തുടര്‍ന്ന് ഇന്ന് മുംബൈ നഗരത്തില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

മുംബൈയില്‍ പലയിടങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. പുനെയില്‍ മതില്‍ തകര്‍ന്ന് ഉണ്ടായ അപകടമാണ് മരണസംഖ്യ കൂടാന്‍ കാരണം. അഞ്ചു കുട്ടികള്‍ അടക്കം 21 പേരാണ് ഈ അപകടത്തില്‍ മരിച്ചത്. അപകടങ്ങളില്‍ 70 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുള്ളത്.

ദുരന്തനിവാരണ സേനയും നാവികസേനയും ചേര്‍ന്ന് ഇതിനോടകം ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരിക്കുന്നത്. അടുത്ത രണ്ട് ദിവസം കൂടി മുംബൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കനത്ത മഴ കാരണം മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിരിക്കുകയാണ്. 52 വിമാനങ്ങള്‍ റദ്ദാക്കുകയും 54 എണ്ണം തിരിച്ചുവിടുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ മുതല്‍ 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ പെയ്തത് 375.2 മില്ലീമീറ്റര്‍ മഴയാണ്.

Exit mobile version