അവന്‍ ഇഹലോകവാസം വെടിഞ്ഞെന്ന് ഡോക്ടര്‍മാരുടെ വിധിയെഴുത്ത്; എന്നാല്‍ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കവെ 20കാരന് പുനര്‍ജന്മം; ഞെട്ടല്‍

കരച്ചിലും സങ്കടങ്ങളും മാറ്റിവെച്ച് പകച്ചുനില്‍ക്കാതെ ബന്ധുക്കള്‍ അവനേയും കൊണ്ട് ആശുപത്രിയിലേക്ക് വീണ്ടും കുതിച്ചു,

ലഖ്‌നൗ: ശവസംസ്‌കാരത്തിനായി കുഴിയെടുത്ത് അവനെ മൂടാനായി തേങ്ങലോട് ബന്ധുക്കളും അടുത്തസുഹൃത്തുക്കളും ഒരുങ്ങുകയായിരുന്നു. പെട്ടെന്നാണ് മൃതശരീരത്തിലെ ചലനങ്ങള്‍ ഏതോ ബന്ധുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതുവരെ ദുഃഖം തളംകെട്ടി നിന്ന നിലവിളികള്‍ ഉയര്‍ന്ന അന്തരീക്ഷം പെട്ടെന്ന് നിശബ്ദമായി, അമ്പരപ്പായിരുന്നു എല്ലാവരുടേയും മുഖത്തും. കരച്ചിലും സങ്കടങ്ങളും മാറ്റിവെച്ച് പകച്ചുനില്‍ക്കാതെ ബന്ധുക്കള്‍ അവനേയും കൊണ്ട് ആശുപത്രിയിലേക്ക് വീണ്ടും കുതിച്ചു, മുമ്പ് അവനെ കിടത്തിയിരുന്ന വെന്റിലേറ്റര്‍ ലക്ഷ്യം വെച്ച്.

പറഞ്ഞുവരുന്നത് കഴിഞ്ഞദിവസം ലഖ്‌നൗവില്‍ സംഭവിച്ച അമ്പരപ്പിക്കുന്ന സംഭവകഥയെ കുറിച്ചാണ്. അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന 20കാരന്‍ മുഹമ്മദ് ഫര്‍ഖാനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ ജൂണ്‍ 21ാം തീയതിയാണ് ഫര്‍ഖാന്‍ അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച ഫര്‍ഖാന്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുമായിരുന്നു. പിന്നാലെ മൃതദേഹം ആംബുലന്‍സില്‍ വീട്ടിലെത്തിച്ച് ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത്, സംസ്‌കാരത്തിനായി കുഴിയിലേക്ക് മൃതദേഹം എടുക്കവെയാണ് കൈകള്‍ ചലിക്കുന്നതായി ഒരു ബന്ധുവിന്റെ ശ്രദ്ധയില്‍ പെട്ടത്. തകര്‍ന്നു നിന്ന തങ്ങള്‍ക്ക് അത് ആശ്വാസമാണ് നല്‍കിയതെന്ന് ഫര്‍ഖാന്റെ സഹോദരന്‍ മുഹമ്മദ് ഇര്‍ഫാന്‍ പറയുന്നു. പിന്നെ കൂടുതല്‍ സമയം പാഴാക്കാതെ ഫര്‍ഖാനെ ചികിത്സിച്ചിരുന്ന ആശുപത്രിയിലേക്ക് തന്നെ എത്തിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ തുടരുകയാണ് ഫര്‍ഖാനിപ്പോള്‍.

ഏഴ് ലക്ഷത്തോളം രൂപ അപകടത്തില്‍ പരിക്കേറ്റ ഫര്‍ഖാന്റെ ചികിത്സയ്ക്കായി കുടുംബം ചെലവഴിച്ചിരുന്നു. പിന്നേയും ബില്ലുകള്‍ വന്നതോടെ കൈയ്യില്‍ ഇനി പണമില്ലെന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചു. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച ഫര്‍ഖാന്‍ മരിച്ചതെന്ന് ബന്ധുക്കളെ ഡോക്ടര്‍മാര്‍ അറിയിച്ചത്.

അതേസമയം, രോഗി അതീവഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും പക്ഷേ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നില്ലെന്നും ഫര്‍ഖാനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ഫര്‍ഖാന് പള്‍സുണ്ട്. രക്തസമ്മര്‍ദ്ദവും പ്രതികരണശേഷിയും സാധാരണനിലയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഫര്‍ഖാന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ലഖ്‌നൗ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നരേന്ദ്ര അഗര്‍വാളും അറിയിച്ചിട്ടുണ്ട്.

Exit mobile version