നഗരസഭ ഉദ്യോഗസ്ഥനെ ജനക്കൂട്ടത്തിന് മുന്നില്‍ വെച്ച് ക്രിക്കറ്റ് ബാറ്റുകൊണ്ട്‌ തല്ലിച്ചതച്ചു; ബിജെപി എംഎല്‍എ അറസ്റ്റില്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു

ഇന്‍ഡോര്‍: നഗരസഭ ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍.
മധ്യപ്രദേശിലെ ബിജെപി എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ മകനുമായ ആകാഷ് വിജയ് വാര്‍ഗിയയാണ് അറസ്റ്റിലായത്. നാട്ടുകാരെയും മാധ്യമങ്ങളെയും സാക്ഷിയാക്കിയായിരുന്നു മര്‍ദനം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നഗരസഭ ഉദ്യോഗസ്ഥനെ ജനക്കൂട്ടത്തിന് മുന്നില്‍ വെച്ച് ക്രിക്കറ്റ് ബാറ്റുകൊണ്ടാണ് തല്ലിച്ചതച്ചത്. വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നേതാവ് വിശദീകരണവുമായി രംഗത്തെത്തി. നഗരസഭയിലെ കെട്ടിടം പൊളിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പിന്നീട് അടിപിടിയിലെത്താന്‍ കാരണമെന്ന് ആകാഷ് വിജയ് വാര്‍ഗിയ പറഞ്ഞു.

കെട്ടിടം പൊളിച്ചതില്‍ നാട്ടുകാര്‍ ക്ഷുഭിതരായിരുന്നു. കെട്ടിട ഉടമ നഗരസഭയ്ക്ക് ആവശ്യമായ തുക നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പല തവണ ഈ ഉദ്യോഗസ്ഥനെ വിളിച്ചെങ്കിലും ഇയാള്‍ ഫോണെടുക്കാന്‍ തയ്യാറായില്ലെന്നും തുടര്‍ന്നായിരുന്നു മര്‍ദനമെന്നും ആകാഷ് വിജയ് വാര്‍ഗിയ പറഞ്ഞു.

ജനം വോട്ട് നല്‍കി ജയിപ്പിച്ച എംഎല്‍എ എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് വിജയ് വാര്‍ഗിയ ചൂണ്ടിക്കാട്ടി. വേണ്ടിവന്നാല്‍ തന്റെ ഭാഗത്തു നിന്നും ഇത്തരം ഇടപെടലുകള്‍ വീണ്ടും നടത്തുമെന്നും എംഎല്‍എ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.

Exit mobile version