കട്ടപിടിക്കാതിരിക്കാന്‍ പാക്കറ്റുകളിലെത്തുന്ന ഉപ്പില്‍ ചേര്‍ക്കുന്നത് പൊട്ടാസ്യം ഫെറോസയനൈഡ്; അര്‍ബുദം, വൃക്കരോഗം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തല്‍

ഒരു വിഷപദാര്‍ഥമാണ് പൊട്ടാസ്യം ഫെറോസയനൈഡ്

മുംബൈ: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അയഡിന്‍ ചേര്‍ത്ത് പാക്കറ്റിലെത്തുന്ന ഉപ്പില്‍ മാരകമായ അളവില്‍ വിഷാംശം കലര്‍ന്നതായി പരിശോധനാ റിപ്പോര്‍ട്ട്. യുഎസിലെ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പൊട്ടാസ്യം ഫെറോസയനൈഡിന്റെ അളവ് കണ്ടെത്തിയത്. ഉപ്പ് കട്ടപ്പിടിക്കാതിരിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

ഒരു വിഷപദാര്‍ഥമാണ് പൊട്ടാസ്യം ഫെറോസയനൈഡ്. ചെറിയ തോതില്‍പോലും ഇതു കാലങ്ങളോളം ശരീരത്തില്‍ എത്തിയാല്‍ ആരോഗ്യപ്രശ്‌നമുണ്ടാകും. അന്തരീക്ഷത്തില്‍നിന്ന് ഈര്‍പ്പം വലിച്ചെടുത്ത് കട്ടപിടിക്കാതിരിക്കാനാണ് പൊട്ടാസ്യം ഫെറോസയനൈഡ് ഉപ്പില്‍ ചേര്‍ക്കുന്നത്. മുംബൈയിലെ ഗോധം ഗ്രെയിന്‍സ് ആന്‍ഡ് ഫാം പ്രൊഡക്ട്‌സ് ചെയര്‍മാന്‍ ശിവശങ്കര്‍ ഗുപ്തയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്.

ദീര്‍ഘകാലം ഉപ്പിനെ കട്ടപിടിക്കാതെ നിലനിര്‍ത്തുന്നതിനായി ഈ രീതിയില്‍ ആവശ്യത്തിലധികം രാസവസ്തുക്കളാണ് ചേര്‍ക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പൊട്ടാസ്യം ഫെറോസയനൈഡ് ശരീരത്തിലെത്തിയാല്‍ അര്‍ബുദം, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്കരോഗം തുടങ്ങിയവയ്ക്ക് കാരണമാകും. കമ്പനികള്‍ അവകാശപ്പെടുന്നതിനെക്കാള്‍ കൂടുതലാണ് ഒരു കിലോ ഉപ്പില്‍ പൊട്ടാസ്യം ഫെറോസയനൈഡിന്റെ അളവ്.

സാധാരണ 0.0600 മില്ലിഗ്രാമിന് അടുത്താണുവരേണ്ടത്. എന്നാല്‍, ഇന്ത്യന്‍ ബ്രാന്‍ഡുകളിലെ പരിശോധനാഫലത്തില്‍ 1.85 മില്ലിഗ്രാം മുതല്‍ 4.71 ഗ്രാംവരെയുള്ളതായി കണ്ടെത്തി. ശുദ്ധീകരിച്ചത്‌ എന്ന ലേബലില്‍ ഉള്ള ഉപ്പ് ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയാണോ മാര്‍ക്കറ്റുകളില്‍ എത്തുന്നതെന്ന ചോദ്യത്തിന് അതിന് അപേക്ഷിച്ചിട്ടില്ലെന്ന മറുപടിയാണ് പല കമ്പനികളും നല്‍കിയതെന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്നു ലഭിച്ചതെന്ന് രേഖകള്‍ കാണിച്ച് ഗുപ്ത പറഞ്ഞു.

ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ മാരകഅളവില്‍ വിഷാംശവുമായി ഇത്തരത്തില്‍ മാര്‍ക്കറ്റുകളിലെത്തുന്ന ഉപ്പിനെതിരെയുള്ള പോരാട്ടത്തിലാണ് 91-കാരനായ ഗുപ്ത. താന്‍ മുന്നോട്ടുവെച്ച രേഖകള്‍ തെറ്റാണെന്നു തെളിയിച്ചാല്‍ ഒരു കോടി രൂപയും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.

Exit mobile version