സീറ്റ് ലഭിക്കാന്‍ മായാവതി അഞ്ച് കോടി ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി ബിഎസ്പി മുന്‍ എംഎല്‍സി മുകുള്‍ ഉപാധ്യായ

മുന്‍ എംഎല്‍സിയായ മുകുള്‍ ഉപാധ്യായ ബിഎസ്പിയില്‍ നിന്നും രാജിവെച്ചതിനു പിന്നാലെയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്

ലഖ്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റു ലഭിക്കണമെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടതായി ആരോപണം. മുന്‍ എംഎല്‍സിയായ മുകുള്‍ ഉപാധ്യായ ബിഎസ്പിയില്‍ നിന്നും രാജിവെച്ചതിനു പിന്നാലെയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബിഎസ്പിയുടെ മുതിര്‍ന്ന നേതാവും ഊര്‍ജ്ജ മന്ത്രിയുമായ രാംവീര്‍ ഉപാധ്യായയുടെ ഇളയ സഹോദരന്‍ കൂടിയാണ് മുകുള്‍ ഉപാധ്യായ. രാഷ്ട്രീയ ലക്ഷ്യമിട്ട് തന്റെ സഹോദരന്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും സഹോദരന്റേയും ബിഎസ്പിയിലെ മറ്റു പല വമ്പന്‍മാരുടെയും യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. രണ്‍വീര്‍ ഉപാധ്യായ അലിഖഢ് ലോക്‌സഭാ സീറ്റ് അദ്ദേഹത്തിന്റെ ഭാര്യ സീമയ്ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനായി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും മുകുള്‍ ആരോപിക്കുന്നു.

അലിഖഢ് പാര്‍ലമെന്ററി മണ്ഡലത്തില്‍ സീറ്റു ലഭിക്കണമെങ്കില്‍ പാര്‍ട്ടി ഫണ്ടില്‍ അഞ്ചുകോടി നിക്ഷേപിക്കണമെന്ന് കുറച്ചുദിവസം മുമ്പ് പാര്‍ട്ടി കോഡിനേറ്റര്‍മാര്‍ തന്നോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍, ആരോപണം ബിഎസ്പി തള്ളി. ബിജെപിയോട് കൂറുകാണിക്കുന്നതിനാലാണ് മുകുള്‍ ഉപാധ്യായയെ പുറത്താക്കിയതെന്നാണ് ബിഎസ്പി പറയുന്നത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിലെ ദേഷ്യം കൊണ്ടാണ് മുകുള്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്ന് ബിഎസ്പിയുടെ ആഗ്ര അലിഖഢ് ഡിവിഷന്‍ ചീഫ് സോണല്‍ കോഡിനേറ്റര്‍ സുനില്‍ ചിറ്റൂര്‍ പറഞ്ഞു.

Exit mobile version