പുതിയ ഇന്ത്യയില്‍ മനുഷ്യന്‍ മനുഷ്യനെ ശത്രുവായി കാണുന്നു; പ്രിയപ്പെട്ട പ്രധാനമന്ത്രീ.. ഞങ്ങള്‍ക്ക് ആ പഴയ ഇന്ത്യയെ തിരിച്ച് തരൂ..; ഗുലാം നബി ആസാദ്

സ്‌നേഹവും സംസ്‌കാരവുമുണ്ടായിരുന്ന പഴയ ഇന്ത്യയെ ജനങ്ങള്‍ക്ക് തിരിച്ചുതരണം

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. പുതിയ ഇന്ത്യയില്‍ മനുഷ്യന്‍ മനുഷ്യനെ ശത്രുവായി കാണുകയാണെന്നും പഴയ ഇന്ത്യയെ തിരിച്ച് തരണമെന്നും ഗുലാം നബി ആസാദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

സ്‌നേഹവും സംസ്‌കാരവുമുണ്ടായിരുന്ന പഴയ ഇന്ത്യയെ ജനങ്ങള്‍ക്ക് തിരിച്ചുതരണം. പഴയ ഇന്ത്യയില്‍ മുസ്ലിംകള്‍ക്കും ദലിതുകള്‍ക്കും മുറിവേല്‍ക്കുമ്പോള്‍ ഹിന്ദുക്കള്‍ക്കും വേദനിച്ചിരുന്നു. ഹിന്ദുക്കള്‍ക്ക് വേദനിക്കുമ്പോള്‍ മുസ്ലിംകളുടെയും ദലിതുകളുടെയും കണ്ണില്‍ നിന്ന് കണ്ണീര്‍ വന്നിരുന്നുവെന്നും ഗുലാം നബി പറഞ്ഞു.

ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകത്തിന്റെയും അക്രമത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ഓരോ ആഴ്ചയിലും അവിടെ ദലിതുകളും മുസ്ലിംകളും കൊല്ലപ്പെടുന്നു. കാട്ടില്‍ മൃഗങ്ങളെ പേടിക്കാതെ കഴിയാനാകും എന്നാല്‍ നാട്ടില്‍ മനുഷ്യനെ പേടിക്കേണ്ട സാഹചര്യമാണ്. പരസ്പര സ്‌നേഹവും ഒരുമയുമുള്ള ഇന്ത്യയെ തങ്ങള്‍ക്ക് തിരിച്ച് വേണമെന്നും ഗുലാം നബി പറഞ്ഞു.

Exit mobile version