അമര്‍നാഥ് യാത്രക്ക് പുല്‍വാമ മോഡലില്‍ ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പ് നല്‍കി ഇന്റലിജന്‍സ്, സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം

ഒരുലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്

ന്യൂഡല്‍ഹി: ജൂലായ് ഒന്നിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് നേരെ പുല്‍വാമ മോഡല്‍ ഭീകരാക്രമണ സാധ്യത ഉണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അമര്‍നാഥ് യാത്രയുടെ സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഒരുലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

അമര്‍നാഥ് തീര്‍ത്ഥാടന സംഘത്തിന് നേരെ വാഹനം ഇടിച്ചുകയറ്റിയുള്ള ആക്രമണമാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് നല്‍കിയ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച ജാഗ്രത നിര്‍ദേശം രണ്ട് ദിവസം മുമ്പാണ് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം സുരക്ഷാ സേനകള്‍ക്കും ജമ്മു കാശ്മീര്‍ സര്‍ക്കാരിനും നല്‍കിയത്.

ഭീകരാക്രമണ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ യാത്ര കടന്ന് പോകുന്ന പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കണമെന്നും മേഖലകള്‍ തിരിച്ച് സുരക്ഷാ സേനകളുടെ വിന്യാസം നടത്തണം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്ര കടന്നുപോകുന്ന മേഖലകളില്‍ 290 ഭീകരരുടെ സാന്നിധ്യമാണ് ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമര്‍നാഥ് യാത്രയുടെ മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഈ മാസം 30ന് കാശ്മീര്‍ സന്ദര്‍ശിക്കും.

Exit mobile version