രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കാന്‍ കഴിയുകയില്ല; മുസ്ലീമുകള്‍ എല്ലാവരും രാജ്യദ്രോഹികളാണെന്ന ധാരണ ആളുകളുടെ മനസ്സില്‍ ബിജെപി കുത്തിവച്ചിരിക്കുകയാണ്; ഒവൈസി

ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ് 24കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്

ന്യൂഡല്‍ഹി; രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കാന്‍ കഴിയുകയില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബിജെപിയും ആര്‍എസ്എസും ആളുകളുടെ മനസ്സിലേക്ക് മുസ്ലീം വിരുദ്ധത കുത്തിവച്ചിരിക്കുകയാണ്. മുസ്ലീമുകള്‍ എല്ലാവരും തീവ്രവാദികളും, രാജ്യദ്രോഹികളാണെന്നും ഉള്ള തെറ്റായ ധാരണ ആളുകളുടെ മനസ്സില്‍ കുത്തിവയ്ക്കുന്നതില്‍ ബിജെപി വിജയിച്ചു. അതിനാല്‍ രാജ്യത്ത് മുസ്ലീമുകള്‍ക്ക് നേരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കാന്‍ കഴിയുകയില്ലെന്നും ഒവൈസി പറഞ്ഞു. മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മുസ്ലീം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കവേയായിരുന്നു ഒവൈസി ബിജെപിയെ കടന്ന് ആക്രമിച്ചത്.

ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ് 24കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സരി ജൂണ്‍ 22 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

പൂണെയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന തബ്രസ് അന്‍സാരി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ജാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.

മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചപ്പോള്‍ താന്‍ തെറ്റുകാരനല്ലെന്ന് അന്‍സാരി ആവര്‍ത്തിച്ചെങ്കിലും ആള്‍ക്കൂട്ടം ഇത് ചെവിക്കൊണ്ടില്ല. ജയ്ശ്രീ റാം വിളിക്കാന്‍ നിര്‍ബന്ധിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Exit mobile version